പ്രകൃതിയോട് പ്രണയമാണ് ഫിദ അബ്ദുറസാഖ് എന്ന ആർകിടെക്ച്ചർ വിദ്യാർത്ഥിനിക്ക്. ചെറുപ്പം മുതൽ പ്രകൃതിയുടെ സൗന്ദര്യം വരകളിലും കാമറിയലും പകർത്തുന്നുണ്ട്. മനസ്സിൽ പതിയുന്ന കടലിലെയും കരയിലെയും മനോഹര ദൃശ്യങ്ങൾ ഫിദ നിറങ്ങളിൽ ചാലിക്കുേമ്പാൾ അൽഭുതപ്പെടുത്തുന്ന ഭംഗി കൈവരുന്നു. ദുബൈ ഇന്ത്യൻ ഹൈസ്കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം ആഗ്രഹം പോലെ തിരുവനന്തപുരം കോളേജ് ഓഫ് ആർകിടെക്ചറിൽ നിന്ന് ബിരുദം നേടി.
വരകളും നിറങ്ങളുമായി കുട്ടിക്കാലം മുതലുള്ള കൂട്ടാണ് തന്നെ ചിത്രകലയിലും ഫോട്ടോഗ്രഫിയിലും തുടങ്ങി വിവിധ മേഖലകളിലേക്ക് വഴിനടത്തിയതെന്ന് ഫിദ പറയുന്നു. സ്കൂൾ കാലത്ത് വരകൾ തുടങ്ങിയപ്പോൾ തന്നെ പിതാവ് അബ്ദുറസാഖ് പ്രോൽസാഹനം നൽകി. പിന്നീട് വിവിധ കലാ മേഖലകളിൽ സ്വയംതന്നെ പരീക്ഷണം നടത്തി. വാൾ ആർട്ട്, അക്രിലിക്, അക്രിലിക് പോർ, ഓയിൽ പെയിൻറിങ്, ചാർകോൾ ആർട്, പെൻസിൽ സ്കെച്ച് തുടങ്ങി കലിഗ്രാഫിയിലും ഫോട്ടോഗ്രഫിയിലുമെല്ലാം കൈവെച്ചു.
എല്ലായിടത്തും 'ഫിദ ടച്ചി'ന് സുഹൃത്തുക്കളുടെയും കലാമേഖലകളിലുള്ളവരുടെയും കൈയടിനേടാനായി. ഇടക്കാലത്ത് ഫുഡ് ബ്ലോഗിങിലും പരീക്ഷണം നടത്തി. പഠനകാലത്ത് തന്നെ നിരവധി പേർക്ക് ഫ്രീലാൻസായി ചിത്രങ്ങൾ വരച്ചുനൽകുന്നു. പരിചയവൃത്തത്തിൽ നിന്ന് ധാരാളം ആളുകൾ ആഘോഷങ്ങൾക്കും സ്പെഷൽ ദിവസങ്ങൾക്കുമായി ഫിദയുടെ ചിത്രം ആവശ്യപ്പെട്ടുവരുന്നു. നിലവിൽ ഇൻറീരിയർ പ്രെജക്ടുകൾക്കായി കാൻവാസ് പെയിൻറിങുകൾ ചെയ്തു നൽകുന്നുമുണ്ട്. ഫുട്ബാളിനെ ഇഷ്ടപ്പെടുന്ന ഫിദ, നന്നായി കളിക്കുകയും ചെയ്യും.
കണ്ണൂർ അഞ്ചുകണ്ടി താവക്കര സ്വദേശിയായ ഫിദ ചെറുപ്പം മുതൽ യു.എ.ഇയിലാണ് താമസിക്കുന്നത്. അജ്മാൻ മുനിസിപാലിറ്റി ജീവനക്കാരനാണ് പിതാവ്. മാതാവ് സലീനയും മകളുടെ കലാവാസനകളെ പിന്തുണക്കുന്നു. വിവാഹം ശേഷം ഭർത്താവ് ബാസിത്തിനൊപ്പം നിലവിൽ ദുബൈയിലാണ്. ക്രിയേറ്റീവ് ഇക്കോണമി എന്ന സങ്കൽപത്തിന് വലിയ പിന്തുണ നൽകുന്ന ദുബൈ തെൻറ കഴിവുകളെ വളർത്തിയെടുക്കാൻ മികച്ചയിടമാണെന്ന് ഭാവിയുടെ കലാകാരിയായ ഫിദ വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.