അറിവിന്‍റെ ആഘോഷത്തിന്​ ഫെബ്രുവരിയിൽ കൊടിയേറ്റം

ദുബൈ: രണ്ടു​ വർഷം മുമ്പ്​ വിദ്യാഭ്യാസ ലോകം ഇങ്ങനെയായിരുന്നില്ല. മഹാമാരിയുടെ നാളുകൾ ആധുനിക വിദ്യാഭ്യാസ മേഖലയെ അത്രമേൽ മാറ്റിമറിച്ചിരിക്കുന്നു. വർഷങ്ങൾക്കപ്പുറം സംഭവിക്കേണ്ട സമ്പൂർണ ഡിജിറ്റലൈസേഷനും ഓൺലൈൻ പഠനവുമെല്ലാം ചെറിയ ക്ലാസുകൾ മുതൽ ഏറ്റെടുത്തിരിക്കുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥാപനങ്ങളിലെ ഇന്‍റർവ്യൂവും പരീക്ഷകളുമെല്ലാം ഗൾഫിലെ വീടകങ്ങളിലിരുന്ന്​ പൂർത്തിയാക്കാൻ പാകത്തിൽ വിദ്യാഭ്യാസ മേഖല മാറിക്കഴിഞ്ഞു.

അതിവേഗം മാറിമറിയുന്ന വിദ്യാഭ്യാസ, തൊഴിൽ മേഖലയിലെ പുതുചലനങ്ങളും ട്രെൻഡും സാധ്യതകളും അറിവും പകർന്നുനൽകാൻ 'ഗൾഫ്​ മാധ്യമം' എജുക​ഫേ ചെറിയൊരു ഇടവേളക്ക്​ ശേഷം തിരികെയെത്തുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ കരിയർ മാർഗനിർദേശ പരിപാടിയായ എജുകഫെയുടെ ഏഴാം സീസൺ ഫെബ്രുവരി ആറ്​, ഏഴ്​ തീയതികളിൽ അരങ്ങേറും​. ​വിദ്യാഭ്യാസ, കായിക, തൊഴിൽ മേഖലയിലെ പ്രമുഖരും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രചോദക പ്രഭാഷകരും അണിനിരക്കുന്ന അറിവിന്‍റെ മഹാമേളക്ക്​ ദുബൈ മുഹൈസിനയിലെ ഇത്തിസാലാത്ത്​ അക്കാദമിയാണ്​ ഇക്കുറി വേദിയൊരുക്കുന്നത്​.

ഇന്ത്യൻ ബാഡ്​മിന്‍റൺ ഇതിഹാസം പുല്ലേല ഗോപിചന്ദാണ്​ ഏഴാം സീസണിന്‍റെ മുഖ്യ ആകർഷണം. പ്രകാശ്​ പദുക്കോണിന്​ ശേഷം ലോക ബാഡ്​മിന്‍റണിൽ ഇന്ത്യയുടെ പേരെഴുതിച്ചേർത്ത ഗോപിചന്ദിന്‍റെ അനുഭവങ്ങളും മാർഗനിർദേശങ്ങളും പുതുതലമുറയുടെ ഭാവിയിലേക്ക്​ വെളിച്ചമേകും. ഇന്ത്യൻ ദേശീയ ടീമിന്‍റെ ചീഫ്​ കോച്ചായ ഗോപിചന്ദ്​, ഒളിമ്പിക്സ്​ ബാഡ്​മിന്‍റണിലും ലോക ചാമ്പ്യൻഷിപ്പിലും ഇന്ത്യക്ക്​ പൊൻതിളക്കമേകിയ പി.വി. സിന്ധുവിന്‍റെ പരിശീലകൻ കൂടിയാണ്​. അറിവിന്‍റെ മായാജാലക്കഥകളുമായെത്തുന്ന മജീഷ്യൻ ഗോപിനാഥ്​ മുതുകാടാണ്​ മറ്റൊരു മുഖ്യാതിഥി. മജീഷ്യൻ എന്നതിലുപരി മികച്ചൊരു പ്രചോദക പ്രഭാഷകൻ കൂടിയായ മുതുകാട്​ മനസ്സിന്‍റെ മാന്ത്രികതയെ കുറിച്ച്​ വിവരിക്കും.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്​ ആരതി സി. രാജേന്ദ്രൻ, ടെക്​ സംരംഭകനും നിക്ഷേപകനും ടി.വി താരവുമായ അവെലോ റോയ്​, സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ ഡോ. ധന്യ മേനോൻ, വിവിധ വേദികളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത കരിയർ മെന്‍ററും എജു ഡോക്​ടറുമായ മദീഹ അഹ്​മദ് തുടങ്ങിയവർ സംവദിക്കാനെത്തും. ഉന്നത വിദ്യാഭ്യാസ മേഖലയിലെയും സ്കൂളുകളിലെയും വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, യൂനിവേഴ്​സിറ്റി അധ്യാപകർ, പ്രിൻസിപ്പൾമാർ, വിദ്യാഭ്യാസ വിദഗ്​ധർ തുടങ്ങിയവർ ഇത്തിസാലാത്ത്​ അക്കാദമിയിലെ വേദിയിലെത്തും. കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകളും അവരുടെ താൽപര്യങ്ങളും കണ്ടെത്തുകയും അവർക്ക്​ വഴികാട്ടിയാവുകയും ചെയ്ത ചരിത്രമാണ്​ എജുകഫേയുടെ ആറ്​ സീസണിൽ ദർശിച്ചത്​. കഴിഞ്ഞ സീസണുകളുടെ വിജയമാണ്​ മഹാമാരിക്കിടയിലും പുതിയ സീസണുമായെത്താൻ 'ഗൾഫ്​ മാധ്യമ'ത്തിന്‍റെ പ്രചോദനം. കുട്ടികളുടെ ഭാവി ലക്ഷ്യമിടുന്ന രക്ഷിതാക്കൾക്കൊപ്പം ആധുനിക വിദ്യാഭ്യാസത്തിന്‍റെ സാധ്യതകൾ തേടുന്നവരും കാത്തിരിക്കുന്ന അറിവിന്‍റെ മേളയിൽ പ​ങ്കെടുക്കാൻ ഇന്നുതന്നെ രജിസ്റ്റർ ചെയ്യാം. ലിങ്ക്​: myeducafe.com

Tags:    
News Summary - For the celebration of knowledge Flagged off in February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.