അബൂദബി: അവസാന നിമിഷംവരെ തീപാറും പോരാട്ടം, സെക്കൻഡുകള്‍ക്കിടയില്‍ മാറിമറിഞ്ഞ വിജയക്കുതിപ്പ്. തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം തിരതല്ലിയ ഗ്രാൻഡ്പ്രീ ഫോര്‍മുല വണ്‍ നേരിട്ടാസ്വദിക്കാനെത്തിയവരില് രാജ്യത്തിെൻറ ഭരണാധികാരികളുമുണ്ടായിരുന്നു.
അബൂദബി യാസ് മറീന സര്‍ക്യൂട്ടില്‍ പുതിയ ചാമ്പ്യനായി മാക്സ് വെസ്റ്റാപ്പന് കിരീടം ചൂടുമ്പോള്‍ ഗാലറിയിൽ യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആൽ മക്തൂമും അബൂദബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാനും എത്തിയിരുന്നു.
അതിനാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഗ്രാൻഡ്പ്രീ കലാശപ്പോരില്‍ ലൂയിസ് ഹാമില്‍ട്ടണിനെ പിന്നിലാക്കി ഡച്ച് താരം ഒന്നാമനാവുമ്പോള് കാണികള്‍ ആര്‍ത്തിരമ്പി.
കായികലോകം കാത്തിരുന്ന പോരിന് അവിസ്മരണീയ അന്ത്യംകുറിച്ചതിനു പിന്നാലെ യാസ് മറീനക്കു മുകളില്‍ അല്‍ ഫുര്സാെൻറ അര്മാകി എം.ബി 339 എ വിമാനങ്ങള്‍ ചുവപ്പും വെള്ളയും പച്ചയും ചായങ്ങള്‍ വിരിച്ചു.
പോയവര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടക്കാതെപോയ അബൂദബി ഗ്രാൻഡ്പ്രീ ഇത്തവണ വന്‍ ജനപങ്കാളിത്തത്തോടെയാണ് നടന്നത്. ലോകത്തുടനീളമുള്ള റേസിങ് പ്രേമികള്‍ യു.എ.ഇ തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. അവസാനനിമിഷം വരെ പിന്നിലായിരുന്ന മാക്സ് വെസ്റ്റാപ്പന് ത്രസിപ്പിക്കുന്ന തിരിച്ചുവരവിലൂടെ ജേതാവായപ്പോള്‍ അതു കാണികള്‍ക്ക് മറക്കാനാവാത്ത കായിക മുഹൂര്ത്തംകൂടിയായി മാറി. ഫോര്‍മുല വണ്‍ ചാമ്പ്യനാവുന്ന ആദ്യ ഡച്ച് താരമെന്ന ഖ്യാതിയോടെയായിരുന്നു യാസ് മറീന സര്‍ക്യൂട്ടില്‍ 24കാരനായ മാക്സ് വെസ്റ്റാപ്പന് അബൂദബി ഗ്രാൻഡ് പ്രീയുടെ കിരീടമുയര്‍ത്തിയത്.
തനിക്കൊത്ത എതിരാളിയായ മാക്സ് വെസ്റ്റാപ്പനെ തോല്‍വിയുടെ വേദനയിലും ലൂയിസ് ഹാമില്ട്ടണ് മനമറിഞ്ഞ് അഭിനന്ദിക്കുന്ന സുന്ദരമുഹൂര്ത്തങ്ങള്ക്കും യു.എ.ഇ ഭരണകര്‍ത്താക്കള്‍ അടക്കമുള്ളവര്‍ സാക്ഷികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.