ദുബൈ: എമിറേറ്റിലെ തൊഴിലാളികൾക്കുവേണ്ടി എല്ലാവർഷവും നാല് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ). ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ, ലോക തൊഴിലാളി ദിനം, പുതുവത്സര ദിനം എന്നിവയോടനുബന്ധിച്ചാണ് ബ്ലൂ-കോളർ തൊഴിലാളികൾക്ക് പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരം, യു.എ.ഇയും ദുബൈയും കൈവരിച്ച പുരോഗതിയിലും വികസനത്തിലും തൊഴിലാളി സമൂഹം നൽകിയ മഹത്തായ സംഭാവനകളെ അംഗീകരിക്കുന്നതിനാണ് ചടങ്ങുകൾ ഒരുക്കുന്നത്.
ഈ വർഷത്തെ ഈദ് ആഘോഷം ഏപ്രിൽ 7 മുതൽ 12വരെയാണ് നടക്കുക. ‘ഞങ്ങളൊരുമിച്ച് ഈദ് ആഘോഷിക്കുന്നു’ എന്ന പേരിൽ ജബൽ അലി, അൽ ഖൂസ്, മുഹൈസിന എന്നിവിടങ്ങളിലാണ് പരിപാടികൾ നടക്കുക. സംഗീത, കലാ, കായിക പ്രകടനങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ ഉണ്ടാകും. കാറുകൾ, സ്വർണ നാണയങ്ങൾ, സ്മാർട്ട് ഫോണുകൾ, ഡിസ്കൗണ്ട് കാർഡുകൾ എന്നിവ ഉൾപ്പെടെ നിരവധി സമ്മാനങ്ങളും തൊഴിലാളികൾക്ക് ലഭിക്കും.
ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. പ്രാദേശിക ഭക്ഷ്യവസ്തുക്കൾ, കരകൗശല വസ്തുക്കൾ, തൊഴിലാളികൾ നിർമിച്ച ഉൽപന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ലേബർ മാർക്കറ്റും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കും. കൂടാതെ ക്രിക്കറ്റ്, ബാഡ്മിൻറൺ, വോളിബാൾ, ഫുട്ബാൾ, ബാസ്കറ്റ്ബാൾ എന്നിവ ഉൾപ്പെടുന്ന കായിക ടൂർണമെന്റുകളുടെ സൗഹൃദമത്സരങ്ങളും നടക്കും.
എമിറേറ്റ്സ് എയർലൈൻസ് നൽകുന്ന ടിക്കറ്റുകൾ, മൂന്ന് പുതിയ നിസാൻ സണ്ണി കാറുകൾ, 150 മൊബൈൽ ഫോണുകൾ, തഖ്ദീർ അവാർഡിൽനിന്നുള്ള 600 പ്രത്യേക കിഴിവ് കാർഡുകൾ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ 300 സ്വർണ നാണയങ്ങൾ എന്നിവയുൾപ്പെടെയാണ് സമ്മാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.