ദുബൈ: തുർക്കിയ, സിറിയ ഭൂകമ്പബാധിതർക്ക് കൈത്താങ്ങാകുന്നവർക്ക് ഭക്ഷണം സൗജന്യമായി നൽകി ദുബൈയിലെ റസ്റ്റാറന്റ്. ഭൂകമ്പത്തിന്റെ ഇരകൾക്ക് പുതപ്പ് നൽകുന്നവർക്കാണ് ഭക്ഷണം നൽകുന്നത്. തുർക്കിയ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കാൻ വേറിട്ട രീതി തിരഞ്ഞെടുത്തത്. ദുബൈ അൽ ഹബ്തൂർ സിറ്റിയിലെ സിറാലി എന്ന ഹോട്ടലിൽ ഇന്ത്യക്കാരടക്കം നിരവധി പേരാണ് പുതപ്പ് സംഭാവന ചെയ്ത് ഭക്ഷണം കഴിക്കാൻ എത്തിയത്. സ്വന്തം നാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് റസ്റ്റാറന്റ് ഉടമ ഫാദി അൽ അബ്ല പുതിയ ആശയം കണ്ടെത്തിയത്. പ്രഭാത ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് ഇങ്ങനെയൊരു നിർദേശം നൽകിയത്.
വലിയൊരു ദുരന്തത്തെ നേരിട്ട നാടിന് ചെറിയൊരു കൈത്താങ്ങ് മാത്രമാണിതെന്ന് ഫാദി അൽ അബ്ല പറയുന്നു. ബ്ലാങ്കറ്റ്സ് ഫോർ ബ്രേക്ക്ഫാസ്റ്റ് എന്നു പേരിട്ട ആശയത്തിന് പ്രതീക്ഷിച്ചതിനേക്കാൾ വലിയ പിന്തുണയാണ് ലഭിച്ചത്. ഒന്നിലേറെ പുതപ്പുമായി എത്തിയവരുമുണ്ട്. പുതപ്പ് മാത്രമല്ല, മറ്റു സഹായവസ്തുക്കളും ഇതുവഴി ലഭിച്ചു. റെഡ് ക്രസന്റ് വഴിയാണ് ഇത് തുർക്കിയയിലേക്കും സിറിയയിലേക്കും അയക്കുന്നത്.
ഇരകൾക്കു നൽകുന്ന ചെറിയ പിന്തുണക്കുപോലും വലിയ മൂല്യമുണ്ടെന്ന സന്ദേശം നൽകാനാണ് പലരും പുതപ്പുകളുമായി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.