ദുബൈ: യു.എ.ഇയിലെ സർക്കാർ സേവനങ്ങളുടെയും സംവിധാനങ്ങളുടെയും ഡിജിറ്റൽവത്കരണം ഇനി വേഗത്തിലാകും. ഇക്കാര്യം ശ്രദ്ധിക്കുന്നതിനായി മന്ത്രിസഭ പ്രത്യേക ഉന്നതാധികാര സമിതിക്ക് അംഗീകാരം നൽകി. ഗവൺമെന്‍റ് വികസന, ഭാവികാര്യ വകുപ്പ് സഹമന്ത്രി ഉഹൂദ് ഖൽഫാൻ അൽ റൂമിയാണ് സമിതിയുടെ അധ്യക്ഷൻ. സർക്കാർ സംവിധാനങ്ങളുടെ ഡിജിറ്റൽവത്കരണത്തിന് മേൽനോട്ടം വഹിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയുമാണ് കമ്മിറ്റിയുടെ പ്രധാന ചുമതല.
ഫെഡറൽ ഗവൺമെന്‍റ് ഏജൻസികളിലെ പ്രോജക്ടുകളും ഡിജിറ്റൽ സംവിധാനങ്ങളും ഏറ്റവും കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തിയാണ് കമ്മിറ്റി മുന്നോട്ടുപോവുക. സർക്കാറിന്‍റെ സേവനങ്ങൾ, ബിസിനസ്, ഓപറേഷൻസ് തുടങ്ങിയവയുടെ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട പ്രോജക്ടുകൾക്ക് മാർഗനിർദേശം നൽകുന്ന ഉത്തരവാദിത്തവും സമിതിക്കായിരിക്കും. ഡിജിറ്റൽ ഇക്കണോമി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റിമോട്ട് വർക്ക് സംവിധാനങ്ങൾ എന്നീ വകുപ്പുകളുടെ സഹമന്ത്രി ഉമർ അൽ ഉലാമ കമ്മിറ്റിയുടെ വൈസ് ചെയർമാനായി പ്രവർത്തിക്കും.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും വളർന്നുവരുന്ന സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും നിരവധി നടപടികൾ യു.എ.ഇ സ്വീകരിക്കുന്നുണ്ട്. ഈ മേഖലയുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഫ്യൂച്ചർ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ ഇക്കണോമിക്കുവേണ്ടി പ്രത്യേക ഹയർ കമ്മിറ്റി രൂപവത്കരിച്ചതായി ദുബൈ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ദുബൈ മെറ്റാവേഴ്സ് സ്ട്രാറ്റജിയും കഴിഞ്ഞ മാസം ദുബൈ പുറത്തിറക്കിയിരുന്നു. ഇതിലൂടെ 40,000പുതിയ ജോലികളും സമ്പദ് വ്യവസ്ഥയിൽ നാലു ബില്യൻ ഡോളറിന്‍റെ നേട്ടവും ലക്ഷ്യംവെക്കുന്നുണ്ട്. ലോകബാങ്കിന്‍റെ കണക്ക് പ്രകാരം ഗവൺമെന്‍റ് ഡിജിറ്റൽവത്കരണത്തിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ലോകബാങ്കിന്‍റെ പട്ടികയിൽ ഇടംപിടിച്ച ഏക അറബ് രാഷ്ട്രവും ഇമാറാത്താണ്. വളർന്നുവരുന്ന 27 ആഗോള സമ്പദ്‌വ്യവസ്ഥകളിൽ മൂന്നാമതായി രാജ്യത്തെ അടയാളപ്പെടുത്തിയതും ഡിജിറ്റൽ രംഗത്തെ വളർച്ച പരിഗണിച്ചാണ്. ലോകത്താകമാനമുള്ള കോഡർമാരെ ആകർഷിക്കുന്നതിന് നിരവധി പദ്ധതികളും ഗോൾഡൻ വിസയും ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഭാവിയുടെ സാങ്കേതിക വിദ്യകളെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകുന്നതിൽ വേഗത ൈകവരിക്കാനാണ് പുതിയ സമിതിയിലൂടെയും രാജ്യം ലക്ഷ്യം വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.