ദുബൈ: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പ്രവാസി സൗഹൃദ കൂട്ടായ്മയായ ഗ്രാന്മ ഗുരുവായൂർ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ മൂന്നാം സീസൺ നവംബർ 12 ഞായറാഴ്ച ദുബൈ ഖിസൈസി ക്രെസന്റ് ഇംഗ്ലീഷ് സ്കൂളിൽ നടക്കും.
ഉച്ചക്ക് 2.30 മുതൽ രാത്രി 11 വരെ നടക്കുന്ന മേളയിൽ പഞ്ചാരിമേളം, പഞ്ചവാദ്യം, ശിങ്കാരിമേളം തുടങ്ങി ഉത്സവ മേളക്കൊഴുപ്പുകൾ, ഒപ്പന, തിരുവാതിരക്കളി, കോൽക്കളി, ദഫ്മുട്ട്, ക്ലാസിക്കൽ നൃത്തം തുടങ്ങി തനതു കേരള കലകൾ, തട്ടുകട, ഉപ്പിലിട്ടത്, കപ്പലണ്ടി, പായസം, ഹൽവ തുടങ്ങി ചെറുകിട കച്ചവടങ്ങളുടെ രുചിയൂറും ഉത്സവക്കാഴ്ചകൾ, കാവടി, പുലിക്കളി, മയിലാട്ടം, കരകാട്ടം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ വർണാഭമായ ഘോഷയാത്ര എന്നിവ ആസ്വദിക്കാനാവുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സാംസ്കാരിക സമ്മേളനം മുൻ സംസ്ഥാന പ്രവാസി ക്ഷേമനിധി അധ്യക്ഷനും സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം നിർവഹിക്കും. കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി അധ്യക്ഷനും സംവിധായകനുമായ മധുപാൽ മുഖ്യാതിഥിയാവും.
പിന്നണി ഗായിക ദുർഗ വിശ്വനാഥ്, റോക്സ്റ്റാർ ഡബ്സി, രഞ്ജു ചാലക്കുടി, എസ് ബാൻഡ് ഫ്യൂഷൻ, ഇശൽ ദുബൈ, മടിക്കൈ ടീം എന്നിവർ നയിക്കുന്ന ദൃശ്യവിസ്മയ സംഗീതവിരുന്ന് എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. എല്ലാ വർഷവും നൽകിവരുന്ന സി.കെ. കുമാരൻ പുരസ്കാരം ഈ വർഷം, ആതുരസേവന രംഗത്ത് സേവനം നടത്തുന്ന ഡോ. പി.കെ അബൂബക്കറിന് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.