പ്രാദേശിക തനിമ നിലനിർത്തുന്നതിലും പരമ്പരാഗത കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലും അൽഐൻ എപ്പോഴും മുൻപിലുണ്ട്. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയ അൽ ഹെയർ ഒയാസിസ്' പദ്ധതി. 25,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി. ചെലവ് 1.7 ദശലക്ഷം ദിർഹം. പരമ്പരാഗത കാർഷിക രീതികൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് പുറമെ പൊതുജനങ്ങൾക്ക് ഒത്തുചേരലിനായുള്ള സ്ഥലങ്ങളൊരുക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
2,337 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നടപ്പാത പണിതിട്ടുണ്ട്. ഇതിനു ചുറ്റും ഈന്തപ്പനകളും ചെടികളും തീറ്റപ്പുല്ലുകളും വെച്ചുപിടിപ്പിച്ചിരിക്കുന്നു. അഴകിന് മാറ്റ് കൂട്ടി 'അഫ്ലാജ്' ജലസേചന പദ്ധതിയും കാണാം. മുതിർന്നവർക്കും കുട്ടികൾക്കും കലാകായിക പ്രവർത്തനങ്ങളിൽ ഏർപെടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും പരമാവധി പ്രയോജനപ്പെടുത്തുകയും നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയും ചെയ്യുക എന്നതാണ് അൽ ഐൻ നഗരസഭയുടെ ലക്ഷ്യം. ആ ലക്ഷ്യത്തിെൻറ മറ്റൊരു ഉദാഹരണമാണ് അൽ ഹെയർ ഒയാസിസ്. ഇതിനായി അൽ ഹെയറിലെ ഒരു പഴയ നഴ്സറിയെ വിനോദ പാർക്കാക്കി മാറ്റുകയായിരുന്നു.
പരമ്പരാഗത കാർഷിക രീതികളും ഈന്തപ്പഴ പരിപാലനവും ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശിക സസ്യങ്ങൾ, വിവിധ ഈന്തപ്പനയിനങ്ങൾ എന്നിവ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതിന് നഴ്സറിയും ഒരുക്കിയിരിക്കുന്നു. കുടുംബ, വിനോദ സംഗമങ്ങൾ, എക്സിബിഷൻ ഏരിയകൾ, ദേശീയ ഋതുകാല പ്രദർശനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. സന്ദർശകർക്കായി ഒയാസിസിനകത്തും പുറത്തും ഫുഡ് കിയോസ്കുകൾ തയ്യാറാക്കിയിട്ടുണ്ട്. ഈത്തപ്പനയിൽ നിന്നുമുണ്ടാക്കുന്ന വിവിധയിനം പ്രകൃതിദത്ത ഉൽപന്നങ്ങളും കുടകളും ഇവിടെ വിൽപനക്ക് വെച്ചിട്ടുണ്ട്. എക്സിബിഷനുകളും സീസണൽ ഇവൻറുകളും സംഘടിപ്പിക്കുന്നതിനും പ്രദേശത്തെ ജനങ്ങൾക്ക് ഇവൻറുകൾ നിരീക്ഷിക്കുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.