അബൂദബി: മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് വേണമെന്ന നിബന്ധന ഒഴിവാക്കുന്നു. അതിർത്തിയിലെ ഇ.ഡി.ഇ സ്കാനർ പരിശോധനയും ഒഴിവാക്കുമെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. ഈ മാസം 28 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ, കോവിഡ് പരിശോധന ഫലം ഇല്ലാതെ തന്നെ യാത്രക്കാർക്ക് അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കാം. അതേസമയം, പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് വേണമെന്ന നിബന്ധനക്ക് മാറ്റമില്ല.
കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെയായിരുന്നു അതിർത്തി കടക്കുന്നതിന് കോവിഡ് പരിശോധന ഫലം നിർബന്ധമാക്കിയത്. ഗ്രീൻ പാസ് ഇല്ലാത്തവർക്ക് 96 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം ഹാജരാക്കണമെന്നായിരുന്നു നിബന്ധന. ബൂസ്റ്റർ ഡോസ് എടുത്തവർ കോവിഡ് പരിശോധന നടത്തിയാൽ 14 ദിവസം വരെ ഗ്രീൻ പാസ് ലഭിക്കുമായിരുന്നു. എന്നാൽ, ബൂസ്റ്റർ ഡോസ് എടുക്കാത്തവർ ഓരോ തവണയും പരിശോധന നടത്തിയ ശേഷമാണ് അബൂദബിയിലേക്ക് പ്രവേശിച്ചിരുന്നത്. പരിശോധനക്കായി അബൂദബിയിൽ പ്രത്യേക സൗകര്യം ചെയ്തിരുന്നു. പ്രവാസികൾ അടക്കമുള്ളവർക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.