ദുബൈ: അൽ ഹൊസൻ ആപ്പിൽ പച്ചനിറം തെളിഞ്ഞവരെ മാത്രം പൊതുപരിപാടികളിലും മാളുകളിലും ഹോട്ടലുകളിലും പ്രവേശിപ്പിക്കുന്ന നിയമം അബൂദബിയിൽ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ രോഗഭീതിയില്ലാതെ പരസ്പരം ഇടപെടാൻ കഴിയുന്നത് ആശ്വാസം നൽകുന്നതായാണ് പൊതുവിൽ ലഭിക്കുന്ന പ്രതികരണം.
വാക്സിനെടുത്തവർക്കും കോവിഡ് പരിശോധന നടത്തി നെഗറ്റിവാകുന്നവർക്കുമാണ് അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് നൽകുന്നത്. ഷോപിങ് മാൾ, വലിയ സൂപ്പർമാർക്കറ്റുകൾ, ഹോട്ടൽ, പൊതുപാർക്ക്, ബീച്ച്, സ്വകാര്യ ബീച്ച്, സ്വിമ്മിങ് പൂൾ, തിയറ്റർ, മ്യൂസിയം, റസ്റ്റാറൻറ്, കഫേ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷിതമായി കയറാനാണ് ഗ്രീൻ പാസ് സംവിധാനം ദുരന്ത നിവാരണ സമിതി ഏർപ്പെടുത്തിയത്. 16 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്കാണ് ഇത് ബാധകം.
വിവിധ സ്ഥാപനങ്ങളുടെ കവാടത്തിൽ പരിശോധന നടത്തിയാണ് ആളുകളെ കടത്തിവിടുന്നത്.പുതിയ മാനദണ്ഡങ്ങൾ മനസ്സിലാക്കി ഗ്രീൻ പാസുമായാണ് മിക്കവരും വരുന്നത്. അതിനാൽ പരിശോധന എളുപ്പമാകുന്നു. എന്നാൽ, അപൂർവം ആളുകൾ സ്ഥാപനങ്ങളിൽ എത്തിയ ശേഷമാണ് ആപ് ഡൗൺലോഡ് ചെയ്ത് പരിശോധിക്കുന്നത്. കൂടുതൽ പേരും ആദ്യഡോസ് സ്വീകരിച്ചശേഷം പി.സി.ആർ ടെസ്റ്റ് കഴിഞ്ഞ് നെഗറ്റിവായാണ് ഗ്രീൻ പാസുമായി വരുന്നത്.
രണ്ട് ഡോസ് വാക്സിനും പൂർത്തീകരിച്ച് 28 ദിവസം കഴിഞ്ഞ് പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവായി ഗ്രീൻ പാസ് ലഭിച്ചവരുമുണ്ട്. ഇത്തരക്കാർക്ക് 30 ദിവസത്തേക്കാണ് പച്ചനിറം കാണുക. രണ്ടാമത്തെ ഡോസ് ലഭിച്ച് 28 ദിവസം തികയാത്തവർക്ക് പി.സി.ആർ നടത്തി നെഗറ്റിവായാൽ 14 ദിവസമാണ് ഗ്രീൻ പാസ്.
ആദ്യ ഡോസ് സ്വീകരിച്ച ശേഷം രണ്ടാമത്തെ ഡോസിനായി 42 ദിവസത്തിന് ശേഷമാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ പി.സി.ആറിൽ നെഗറ്റിവ് ആയാൽ മൂന്ന് ദിവസം പച്ചതെളിയും. വാക്സിനേഷൻ എടുക്കേണ്ട എന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ടെസ്റ്റിൽ നെഗറ്റിവായാൽ ഏഴ് ദിവസം ഗ്രീൻ പാസ് ലഭിക്കും.
വാക്സിൻ സ്വീകരിക്കാത്തവർക്ക് ടെസ്റ്റിൽ നെഗറ്റിവായാൽ മൂന്ന് ദിവസമാണ് പച്ചനിറം കാണിക്കുക. ഗ്രീൻ പാസിന് പി.സി.ആർ അനിവാര്യമായതോടെ ടെസ്റ്റിനും തിരക്കേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.