ദുബൈ: എണ്ണ വിലയിലുണ്ടായ വർധനയുടെ സാഹചര്യത്തിൽ യു.എ.ഇയിലെ 52 ശതമാനം താമസക്കാരും ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് ആലോചിക്കുന്നതായി പഠനം. 'ഓഡി അബൂദബി' നടത്തിയ സർവേയിലാണ് ഉപഭോക്താക്കളുടെ മനോഭാവത്തിലെ മാറ്റം വ്യക്തമാക്കുന്നത്. 25 ശതമാനം പേരും പുതിയ ഇലക്ട്രോണിക് വാഹനങ്ങൾ വിപണിയിലെത്താൻ കാത്തിരിക്കുന്നവരാണ്. നേരത്തെ ഇ-വാഹനങ്ങളെ സ്വീകരിക്കുന്നവരുടെ എണ്ണം വളരെ പരിമിതമായിരുന്നു. എന്നാൽ എണ്ണവില ഉയർന്നതോടെ ഉപഭോക്താക്കളുടെ താൽപര്യം മാറിക്കൊണ്ടിരിക്കയാണ് -സർവേ ചൂണ്ടിക്കാട്ടുന്നു. ഓഡി അബൂദബി ആയിരം ഉപഭോക്താക്കളിലാണ് സർവേ നടത്തിയത്. മലിനീകരണം കുറക്കുന്നതും പരിസ്ഥിതി സൗഹൃദപരവുമെന്ന നിലയിൽ ലോകത്താകമാനം ഇ-വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ സാഹചര്യം കൂടിയാണ് ഈ മേഖലയിലേക്ക് കൂടുതൽ ആളുകൾ എത്തിച്ചേരാൻ കാരണമായത്.
ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതോടെയാണ് യു.എ.ഇയിലും വിലവർധനയുണ്ടായത്. ഫെബ്രുവരിയിലും മാർച്ചിലും 10 ശതമാനവും ഏപ്രിലിൽ 16 ശതമാനവുമാണ് വർധിച്ചത്. എന്നാൽ മേയിൽ ചെറിയ കുറവാണ് രേഖപ്പെടുത്തിയത്. 2020ലെ കൺസ്യൂമർ റിപ്പോർട്ട്സ് പഠനമനുസരിച്ച് സാധാരണ എൻജിൻ വാഹനങ്ങളേക്കാൾ 60 ശതമാനം കുറവാണ് ഇ-വാഹനങ്ങളുടെ ഇന്ധനച്ചെലവ്. അബൂദബി എമിറേറ്റിലെ ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യമൊരുക്കുന്നതിന് റെഗുലേറ്ററി പോളിസി ഈ ആഴ്ച പുറത്തിറക്കിയിരുന്നു. എമിറേറ്റിലെ ഊർജ വകുപ്പ് പുറത്തിറക്കിയ പോളിസിയിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.