ദുബൈ: രാജ്യത്തുടനീളം ഈയാഴ്ചയോടെ ചൂട് വീണ്ടും വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. താപനില വരുംദിവസങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യം ശക്തമായ ചൂട് കാലത്തേക്ക് പ്രവേശിക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മൂടല്‍മഞ്ഞ് നിലനില്‍ക്കുന്നതിനാല്‍ അന്തരീക്ഷ ഈർപ്പവും(ഹുമിഡിറ്റി) ശക്തമാണ്.
രാജ്യത്തുടനീളം താപനിലയില്‍ വര്‍ധനവും കൂടുതല്‍ മൂടല്മഞ്ഞുമുണ്ടാകുമെന്നുമാണ് നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിൽ അറിയിച്ചത്. ബുധനാഴ്ച രാവിലെ മൂടല്‍മഞ്ഞ് കാരണം ചില ഭാഗങ്ങളില്‍ ദൃശ്യപരത കുറവായിരുന്നു. രാവിലെ ഒമ്പതുമണി വരെ വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിൽ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അബൂദബിയിലും ദുബൈയിലും വരുംദിവസങ്ങളില്‍ ഭൂരിഭാഗവും ഉച്ച സമയത്ത് താപനില ഉയരും.
'ഞായറാഴ്ച അബൂദബിയിൽ ചൂട് 48 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വ്യാഴാഴ്ച അല്‍ഐനില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസും അബൂദബിയില്‍ 44 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 43 ഡിഗ്രി സെല്‍ഷ്യസും വരെ എത്തും. ശക്തമായ മൂടല്‍മഞ്ഞും പ്രതീക്ഷിക്കുന്നുണ്ട്. പകല്‍ സമയത്ത് പൊടിപടലങ്ങളോടെ നേരിയതോ മിതമായതോ ആയ മണൽക്കാറ്റ് വീശാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ താപനില 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. കുറഞ്ഞ താപനില 26 ഡിഗ്രി സെല്‍ഷ്യസായിരിക്കും.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്ച അബൂദബിയില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസിലും ദുബൈയില്‍ 46 ഡിഗ്രി സെല്‍ഷ്യസിലും എത്തും. ഇതോടൊപ്പം മൂടല്‍മഞ്ഞിനും നേരിയ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച അബൂദബിയില്‍ ഈര്‍പ്പത്തിന്റെ അളവ് 95 ശതമാനം വരെ എത്തിയേക്കാം. എന്നാല്‍, ദുബൈയില്‍ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം, അബൂദബിയുടെ പടിഞ്ഞാറന്‍ പ്രദേശമായ അല്‍ ദഫ്രയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തിയിരുന്നു. temperature ശക്തമായ സാഹചര്യത്തിൽ ജൂൺ 15 മുതൽ രാജ്യത്ത് ഉച്ചസമയത്ത് പുറം ജോലികൾക്ക് വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.