ഒളിമ്പിക്സിന് പിന്നാലെ ജപ്പാൻ തലസ്ഥാനമായ ടോക്യോവിൽ പാരാലിമ്പിക്സ് മൽസരങ്ങൾ പരോഗമിക്കുക്കയാണ്. 'ദൃഢനിശ്ചയവും സ്ഥിരോൽസാഹവും' എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ യു.എ.ഇയുടെ 12സംഘം മൽസരങ്ങൾക്കായി പുറപ്പെട്ടിരിക്കുന്നത്. അത്ലറ്റിക്സ്, ഷൂട്ടിങ്, പവർലിഫ്റ്റിങ്, വീൽചെയർ, സൈക്ലിങ് എന്നിങ്ങനെ വിഭാഗങ്ങളിലാണ് രാജ്യം മാറ്റുരക്കുന്നത്. ഒളിമ്പിക്സിൽ മെഡൽ ലഭിക്കാത്ത നിരാശ പാരലിമ്പിക്സിൽ നികത്താനാവുമെന്ന പ്രതീക്ഷയാണുള്ളത്.
പവർലിഫ്റ്റർ മുഹമ്മദ് ഖാമിസ് ഖലഫ്, വീൽചെയർ റെയ്സർ മുഹമ്മദ് അൽ ഹമ്മാദി, ലണ്ടൻ പാരലിമ്പിക്സിലെ ഷൂട്ടിങ് സ്വർണ മെഡലിസ്റ്റ് അബ്ദുല്ല സുൽത്താൻ അൽ അര്യാനി എന്നിവരാണ് സംഘത്തെ നയിക്കുന്നത്. റിയോയിൽ വെള്ളി നേടിയ നൂറ അൽ കത്ബിയും വെങ്കലം നേടിയ സാറ അൽ സിനാനിയും ടോക്യോവിലേക്ക് പറന്നവരിലുണ്ട്.
53വയസുകാരനായ മുഹമ്മദ് ഖാമിസ് ഖലഫാണ് കൂട്ടത്തിലെ മുതിർന്നയാൾ. പവർലിഫ്റ്ററായ ഇദ്ദേഹം ടീമിലെ ഏറ്റവും പരിചയസമ്പന്നനായ അംഗവും യു.എ.ഇയുടെ ആദ്യ സ്വർണ മെഡൽ ജേതാവുമാണ്. ആദ്യമായി പങ്കെടുത്ത 2000ത്തിലെ സിഡ്നി പാരാലിമ്പിക്സിൽ നാലാസ്ഥാനവും 2004ൽ ഗ്രീസിൽ സ്വർണം നേടി. പിന്നീട് 2008ൽ ബെയ്ജിങിൽ വെള്ളി നേടി. എന്നാൽ പരിക്ക് കാരണം ഇത്തവണ മെഡലിലേക്ക് എത്താനാവുമോ എന്ന ആശങ്കയുണ്ട്.
ഷൂട്ടിങ് ചാമ്പ്യനായ അബ്ദുല്ല സുൽത്താൻ അൽ അര്യാനിയാണ് ടീമിലെ മറ്റൊരു കാരണവർ. 51കാരനായ ഇദ്ദേഹം മൂന്നാം തവണയാണ് യു.എ.ഇയെ പ്രതിനിധീകരിച്ച് ലോക മേളക്കെത്തുന്നത്. ലണ്ടൻ ഒളിമ്പിക്സിൽ സ്വർണവും റിയോയിൽ മൂന്ന് വെള്ളി മെഡലുകളുമാണ് ഇദ്ദേഹത്തിെൻറ വിജയ ചരിത്രം. മറ്റു ഷൂട്ടിങ് താരങ്ങളായ അബ്ദുല്ല സൈഫ് അൽ അര്യാനിയും സൈഫ് അൽ നുഐമിയും മെഡൽ പ്രതീക്ഷ പുലർത്തുന്നുണ്ട്. റിയോ പാരലിമ്പിക്സിൽ സൈഫ് അൽ അര്യാനി അഞ്ചാം സ്ഥാനത്തായിരുന്നു.
റിയോയിൽ സ്വർണവും ലണ്ടനിൽ വെള്ളിയും വെങ്കലവും നേടിയ മുഹമ്മദ് അൽ ഹമ്മാദി യു.എ.ഇയുടെ സൂപ്പർ താരപ്പകിട്ടോടെയാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. കാരണം പാരലിമ്പിക്സിലെ ഏറ്റവും ശ്രദ്ധേയമായ ഇനങ്ങളിലൊന്നായ വീൽചെയർ മൽസരത്തിലാണ് നൂറ് മീറ്ററിലും 800മീറ്ററിലും ഇദ്ദേഹം രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. 18കാരനായ അഹ്മദ് നവാദും ഇതേ ഇനത്തിൽ യു.എ.ഇക്ക് വേണ്ടി രംഗത്തുണ്ട്. നവാദിെൻറ ആദ്യ പാരാലിമ്പിക്സ് മൽസരമാണ്.
അത്ലറ്റിക്സിൽ മൽസരിക്കുന്ന സാറ അൽ സിനാനി രാജ്യത്തിന് വേണ്ടി പാരലിമ്പിക്സിൽ മെഡൽ നേടിയ ആദ്യ വനിതയാണ്. റിയോയിൽ നേടിയ വെങ്കലം ഇത്തവണ സ്വർണമായി ഉയർത്താനാവുമെന്ന പ്രതീക്ഷയോടെയാണ് ഇവരിറങ്ങുന്നത്. ആയിഷ അൽ മഹീരി, മോസ അൽ സിയൂദി, മർയം അൽ സുയൂദി എന്നിവരാണ് ഇമാറാത്തിനെ പ്രതിനിധീകരിച്ച് ഇറങ്ങുന്ന മറ്റു താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.