ദുബൈ: ലോകത്തെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന പുനരുപയോഗ ഊർജ പ്ലാന്റ് ദുബൈയിൽ ആരംഭിച്ചു. വർസാനിൽ നിർമിച്ച പ്ലാന്റ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് നാടിന് സമർപ്പിച്ചത്. നാല് ശതകോടി ദിർഹം ചെലവിൽ നിർമിച്ച പ്ലാന്റിന് പ്രതിവർഷം 20 ലക്ഷം ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുണ്ട്. ഇതുവഴി 220 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവും. 1,35,000 വീടുകളിൽ വൈദ്യുതി എത്തിക്കാൻ ഇത് പര്യാപ്തമാണ്.
പരിസ്ഥിതിയെ ഒട്ടും മലിനമാക്കാതെ ഏറ്റവും ആധുനികമായ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇവിടെ മാലിന്യസംസ്കരണം. പദ്ധതിയുടെ ആദ്യ ഘട്ടമാണ് ചൊവ്വാഴ്ച പൂർത്തിയായത്. അടുത്ത വർഷത്തോടെ പ്ലാന്റ് പൂർണതോതിൽ പ്രവർത്തന സജ്ജമാകും. വ്യത്യസ്തമായ ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവരെ ശൈഖ് ഹംദാൻ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ശോഭനവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് അതിനൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന കാര്യത്തിൽ ആഗോള നേതാവെന്ന പദവി ദുബൈക്ക് നിലനിർത്താൻ പുതിയ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊർജ രംഗത്ത് 200 ശതകോടി ദിർഹം നിക്ഷേപിക്കുമെന്ന് കഴിഞ്ഞ ദിവസം ശൈഖ് ഹംദാൻ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.