ദുബൈ: കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിച്ചാൽ ഈ വർഷം ഡിസംബറിൽ കേരളത്തിലേക്ക് കപ്പൽ സർവിസ് ആരംഭിക്കാൻ കഴിയുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം. അസോസിയേഷന്റെ ഓണാഘോഷ പരിപാടി സംബന്ധിച്ച് വിശദീകരിക്കാൻ ചേർന്ന വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യു.എ.ഇയില്‍നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പല്‍ സര്‍വിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ (എം.ഡി.സി) ഭാരവാഹികളുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി വി. മുരളധീരനെയും സംസ്ഥാന സർക്കാറിനെയും സമീപിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രി സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓരോ യാത്രക്കാരനും 10,000 രൂപ മാത്രം ചെലവിൽ നാട്ടിലേക്കും തിരിച്ചും പോയിവരാൻ കപ്പൽ സർവിസ് യാഥാർഥ്യമായാൽ സാധിക്കും. 200 കിലോഗ്രാം ലഗേജ് കൊണ്ടുപോകാൻ സൗകര്യമുണ്ടായിരിക്കും. മൂന്ന് ദിവസത്തെ യാത്ര മികച്ച സൗകര്യങ്ങളുള്ള കപ്പലിൽ ഒരുക്കാനാകും. സ്കൂൾ അവധിക്കാലത്തും അല്ലാത്ത കാലങ്ങളിലും പ്രവാസികൾക്ക് ഉപകാരപ്പെടും. കേരളത്തിലേക്ക് കാർഗോ എത്തിക്കുന്നതിന് സർവിസ് ഉപകാരപ്പെടും. 86 കാർഗോ കമ്പനികളുടെ കൂട്ടായ്മ സംവിധാനവുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അസോസിയേഷന്റെ ഓണാഘോഷം ‘ശ്രാവണോത്സവം’ ഞായറാഴ്ച ഷാർജ എക്സ്പോ സെന്ററിൽ രാവിലെ 9.30ന് ആരംഭിക്കും. സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ ടി.വി. ഇബ്രാഹീം, റോജി എം. ജോൺ, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കോൺസുൽ ഉത്തം ചന്ദ് എന്നിവർ വിശിഷ്ടാതിഥികളാകും. സിനിമ പിന്നണി ഗായകൻ നജീം അർഷാദിന്റെ നേതൃത്വത്തിൽ അഖില ആനന്ദ്, വിബിൻ സേവ്യർ, സച്ചിൻ വാരിയർ, കൃതിക എന്നിവരുടെ സംഗീതപരിപാടികളും അരങ്ങേറും. 18,000ത്തിലധികം പേർക്ക് ഓണസദ്യയും ഒരുക്കുന്നുണ്ട്. അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ടി.കെ. ശ്രീനാഥൻ, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോ. സെക്രട്ടറി മനോജ് വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, ഹരിലാൽ, സുനിൽരാജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.