ഹുസൈൻ സജ്‌വാനി

എച്ച്.എസ്.ഡി.എഫ് 20 ലക്ഷം ദിർഹം നൽകി; കടം കാരണം തടവിൽ കഴിയുന്നവർക്ക് ഉടൻ മോചനം

ദുബൈ: കടങ്ങൾ കാരണം ദുബൈയിൽ തടവിൽ കഴിയുന്നവരിൽ ചിലർക്ക് മോചനത്തിന് വഴിതെളിയുന്നു. ഹുസൈൻ സജ്‌വാനി നേതൃത്വം നൽകുന്ന ഹുസൈൻ സജ്‌വാനി-ദമാക് ഫൗണ്ടേഷൻ (എച്ച്.എസ്.ഡി.എഫ്) ഇവരുടെ ബാധ്യതകൾ വീട്ടാനുള്ള 20 ലക്ഷം ദിർഹം കൈമാറിയതിനെ തുടർന്നാണിത്. ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഇവരുടെ മോചനമുണ്ടാകുമെന്ന് ദുബൈ പൊലീസ് അധികൃതർ അറിയിച്ചു. എച്ച്.എസ്.ഡി.എഫിന്‍റെ സഹായത്തോടെ ജയിൽമോചിതരാകുന്ന രണ്ടാമത്തെ സംഘമാണ് ഇത്. ഇവരുടെ ബാധ്യതകൾ വീട്ടാനുള്ള 20 ലക്ഷം ദിർഹം ദുബൈയിലെ പ്യുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് എച്ച്.എസ്.ഡി.എഫിൽനിന്ന് ഏറ്റുവാങ്ങി.

ദുബൈ പൊലീസുമായി സഹകരിച്ച് കഴിഞ്ഞ ഏപ്രിലിൽ എച്ച്.എസ്.ഡി.എഫ് ആരംഭിച്ച ഫ്രഷ് സ്ലേറ്റ് പദ്ധതി പ്രകാരമാണ് ഫണ്ട് കൈമാറിയത്. മോചിതരാകുന്ന പുരുഷ-വനിത തടവുകാർക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം ചേർന്ന് ഭാവി ജീവിതം സന്തോഷകരമാക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. 'ജീവിതം ചില സാഹചര്യങ്ങളിൽ നിയമലംഘന വഴിയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കും. മനഃപൂർവമല്ലാതെ അത്തരം തെറ്റിലേർപ്പെട്ടവർക്ക് ജീവിതത്തിൽ ഒരു പുതിയ തുടക്കം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവർക്ക് ഇനി മാന്യമായ ജീവിതം നയിക്കാൻ കഴിയും' -ഹുസൈൻ സജ്‌വാനി പറഞ്ഞു.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തടവുകാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്ന ഈ മഹത്തായ സംരംഭം ആരംഭിച്ചതിന് ഹുസൈൻ സജ്‌വാനിക്കും അദ്ദേഹം നേതൃത്വം നൽകുന്ന എച്ച്.എസ്.ഡി.എഫിനും നന്ദി പറയുന്നെന്ന് ദുബൈ പൊലീസിലെ ജനറൽ ഡിപ്പാർട്മെന്‍റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടർ മേജർ ജനറൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ മുർ പറഞ്ഞു. 

Tags:    
News Summary - Immediate release of those imprisoned for debt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.