യു.എ.ഇയുടെ ദേശീയ മൃഗമാണ് ഓറിക്സ്. വളവില്ലാതെ നീണ്ടു കുത്തനെ നിൽക്കുന്ന കൊമ്പോടുകൂടിയ മാൻ വർഗ്ഗത്തിൽ പെടുന്ന ഒരു ജീവിയാണ് ഇത്. അറബ് ലോകം ഈ ജീവിക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അറേബ്യൻ ഉപദ്വീപിലെ വിശാലമായ പുല്പ്രദേശങ്ങളിലും മരുഭൂമികളിലും കാണപ്പെടുന്ന വിഭാഗമാണ് അറേബ്യൻ ഓറിക്സ്. ഈ ജീവിയോടുള്ള സ്നേഹത്തിന്റെ ഭാഗമായാണ് അജ്മാനിലെ ഒരു റൗണ്ട് എബൌട്ടിന് ഓറിക്സ് എന്ന് പേര് നല്‍കിയിരിക്കുന്നത്. അജ്മാന് ജറഫ് രണ്ടിലെ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റിലാണ് ഈ റൗണ്ട് എബൌട്ട് സ്ഥിതിചെയ്യുന്നത്.
ഓറിക്സ് എന്ന് പേര് നല്കുകമാത്രമല്ല നിരവധി ഓറിക്സ്കളുടെ പ്രതിമകളും ഈ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. മരുഭൂമിയിലെ പുല്‍ക്കാടുകളില്‍ ഓറിക്സുകളും ഹുബാറ പക്ഷികളും മേയുന്ന ദൃശ്യാവിഷ്കാരമാണ് ഈ റൗണ്ട്. മരുഭൂമിയെ ആശ്രയിച്ച് ജീവിക്കുന്ന ഈ രണ്ട് ജീവികളും ഇന്ന് വംശനാശം നേരിടുകയാണ്. ഇവരുടെ സംരക്ഷണത്തിനായി രാജ്യം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. വെളുത്ത് മിനുത്ത ദേഹത്തോടെ കണ്ടുവരുന്ന ഓറിക്സ് മാനുകൾ 1970കളുടെ തുടക്കത്തിൽ വന്യമേഖലകളിൽ നിന്ന് പൂർണ്ണമായും വംശനാശം നേരിട്ടിരുന്നു. ഏതാനം സ്വകാര്യ വന്യമൃഗസങ്കേതങ്ങളിലും മൃഗശാലകളിലും മാത്രം ബാക്കിയായ ഓറിക്സുകൾ പരിസ്ഥിതി പ്രവർത്തകരുടെയും സംഘടനകളുടെയും ശ്രമഫലമായി വന്യതയിലേക്ക് തിരികെ വരികയായിരുന്നു. ഇന്നും വംശനാശഭീഷണിയിൽ നിന്ന് പൂർണ്ണമായും മുക്തമായ ഒരു വന്യജീവി വിഭാഗമല്ല ഓറിക്സ്. അറബികളുടെ ജീവിതവുമായി ഓറിക്സ് മാനുകള്‍ക്ക് വലിയ ബന്ധമുണ്ട്. ഖത്തറിലെ ദോഹയിൽ 2006ൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഭാഗ്യചിഹ്നമായി തെരഞ്ഞടുക്കപ്പെട്ടത് അറേബ്യൻ ഓറിക്സിന്റെ രൂപമായിരുന്നു. ഖത്തർ എയർലൈൻസുകളുടെ വാൽച്ചിറകിനു സമീപമുള്ള മുദ്ര അറേബ്യൻ ഓറിക്സിന്റേതാണ്. അറേബ്യൻ ഉപദ്വീപിലെ വനസമാനമായ ഇടങ്ങളിൽ കാണപ്പെടുന്ന ഈ ചെറു ഓറിക്സ് വർഗം വംശനാശത്തിന്റെ വക്കിലായതിനാൽ രക്ഷപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 1982 ൽ ഒമാനിൽ ഇതിന്റെ വംശവർദ്ധനവിനായി പ്രജനനശ്രമങ്ങൾ നടത്തിയെങ്കിലും അനുകൂലഫലമല്ല കിട്ടിയത്.
വംശനാശം നേരിടുന്ന വിഭാഗത്തില്‍പെട്ട പക്ഷികളാണ് ഹുബാറകള്. രാജ്യത്തിന്റെ സാംസ്കാരിക തനിമയുടെ ഭാഗം കൂടിയാണ് ഹുബാറ പക്ഷികള്‍. രാജ്യത്തിന്റെ അഭിമാനഭാജനങ്ങളായ ഫാല്‍ക്കണുകളുടെ പ്രധാന ഇരയാണ് ഹുബാറ ബസ്റ്റാഡുകള്‍. അതുകൊണ്ടു തന്നെ ഹുബാറകളുടെ വംശനാശം ഫാല്‍ക്കണുകളുടെ വംശനാശത്തിലേക്ക് നയിക്കുമെന്നാണ് കണക്കാക്കുന്നത്.
യു.എ.ഇ രാഷ്ട്രപിതാവ് ഹുബാറകളുടെ നിലനില്പിനായി നിരവധി പ്രയത്നങ്ങള്‍ നടത്തിയിട്ടുണ്ട്. ഹുബാറകളുടെ വംശനാശവുമായി ബന്ധപ്പെട്ട് സ്വൈഹാന്‍ മേഖലയിലെ മരുഭൂമിയില്‍ രണ്ടു പതിറ്റാണ്ടു മുമ്പാണ് ഇവയുടെ സംരക്ഷണത്തിന് നീക്കം നടത്തിയത്. ഹുബാറകള് നേരിടുന്ന വംശനാശ ഭീഷണിയെക്കുറിച്ചും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആളുകളെ ബോധവത്കരിക്കാനുള്ള നിരവധി ശ്രമങ്ങള്‍ രാജ്യത്തുടനീളം നടന്നുവരുന്നുണ്ട്. 1996ലാണ് ഹുബാറകളുടെ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ ആവശ്യമായ വളര്‍ച്ച എത്തിയ ശേഷം പറത്തിവിടുന്ന പദ്ധതിക്ക് തുടക്കമിട്ടത്.
ഈ രണ്ടു ജീവികള്‍ക്കും പ്രാധാന്യം നല്‍കിയാണ് അജ്മാനിലെ ഓറിക്സ് റൗണ്ട് എബൌട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച 5,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പ്രദേശത്ത് അജ്മാന് നഗരസഭയുടെ ആഭിമുഖ്യത്തില്‍ വലിയ രീതിയില്‍ സൗന്ദര്യവൽക്കരണ പദ്ധതി ആരംഭിച്ചിട്ടുണ്ട്.രാത്രിയില്‍ മനോഹര കാഴ്ചകള്‍ ഒരുക്കുന്നതിന് ദീപാലങ്കാരങ്ങളും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.