ആഹ്ലാദനിറവിൽ സ്വാതന്ത്ര്യത്തിന്‍റെ അമൃത് മഹോത്സവം

ദുബൈ: ത്യാഗോജ്വല പോരാട്ടത്തിലൂടെ ഇന്ത്യൻ ജനത സ്വാതന്ത്രത്തിന്‍റെ മധുരം നുകർന്നതിന്‍റെ 76ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ആഘോഷനിറവിൽ പ്രവാസലോകവും. ഒരോ ഇന്ത്യക്കാരന്‍റെയും ഉള്ളിൽ ദേശസ്നേഹവും ആത്മാഭിമാനവും ഉണർത്തുന്ന സ്വാതന്ത്രദിനത്തെ വ്യക്തിപരമായും കൂട്ടായ്മകളായും ആഘോഷിക്കുകയാണ് യു.എ.ഇയിലെ ഇന്ത്യക്കാർ.

മൂവർണകൊടികൾ ഉയർത്തിയും സാമൂഹിക മാധ്യമങ്ങളിൽ പ്രൊഫൈൽ പിക്ചറുകൾ മാറ്റിയും ഒരോരുത്തരും ആഹലാദത്തിൽ അണിചേരുന്നുണ്ട്. അബൂദബിയിൽ ഇന്ത്യൻ എംബസിക്കുകീഴിലും ദുബൈയിൽ കോൺസുലേറ്റിന് കീഴിലും വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.ഈ വർഷം സ്വാതന്ത്രദിനം ആഗോളതലത്തിൽ തന്നെ ആഘോഷിക്കുന്നത് 'ആസാദി കാ അമൃത് മഹോൽസവ്' പരിപാടികൾ സംഘടിപ്പിച്ചാണ്. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച കോൺസുലേറ്റിൽ 'മാ തുജേ സലാം' എന്ന തലക്കെട്ടിൽ സംഗീത പരിപാടി സംഘടിപ്പിക്കപ്പെട്ടു. പ്രവാസി സമൂഹത്തിന്‍റെ പ്രാതിനിധ്യത്തോടെയാണ് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ച് സ്വതന്ത്രത്തെ അടയാളപ്പെടുത്തുന്നത്.

ശനിയാഴ്ച മുതൽ അബൂദബി ഇന്ത്യൻ എംബസിയിൽ 'ആസാദി കാ അമൃത് മഹോൽസവ്' പരിപാടികളുടെ ഭാഗമായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'ആർട്സ് ക്രാഫ്റ്റ്' പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. ആർട് എക്സിബിഷൻ, ലൈവ് ആർട്, പാനൽ ചർച്ചകൾ, കുട്ടികൾക്ക് പ്രത്യേക പരിപാടികൾ, കലാ മൽസരങ്ങൾ, മറ്റു സാംസ്കാരിക പരിപാടികൾ ഇതിന്‍റെ ഭാഗമായുണ്ട്. വൈകുന്നേരം അഞ്ചു മണിവരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ പ്രവേശനം സൗജന്യമാണ്. എന്നാൽ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാണ്. ഇന്ത്യയിലെയും യു.എ.ഇയിലെയും കലാകാരൻമാരുടെ പ്രദർശനങ്ങൾ പ്രധാനമായും ഇന്ത്യൻ സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ടതാണ്.

യു.എ.ഇയിലെ വിവിധ ഇന്ത്യൻ സാമൂഹിക സംഘടനകളും നേരത്തെ തന്നെ ആഘോഷ പരിപാടികൾ തുടങ്ങിയിട്ടുണ്ട്. വിവിധ എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷനുകളിൽ പതാക ഉയർത്തലും മധുരവിതരണവും നടക്കും. ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഞായറാഴ്ച രാത്രി 75കിലോ വരുന്ന കേക്ക് മുറിച്ച് ആഘോഷത്തെ അടയാളപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. വിവിധ സംഘടനകൾക്കും പ്രസഥാനങ്ങൾക്കും കീഴിലും വിപുലമായ ആഘോഷങ്ങൾ ഇത്തവണയുമുണ്ട്. ഇന്ത്യൻ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ആഘോഷങ്ങൾ നടക്കും. കോവിഡിന്‍റെ പശ്ചാത്തലത്തിൽ മുൻവർഷങ്ങളിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നതിനാൽ ഇത്തവണ അത് നീങ്ങിയതിന്റെ ആശ്വാസത്തിലാണ് പ്രവാസി സമൂഹം.

ഇന്ത്യയുടെ മണ്ണിൽ നിന്ന്, മരുഭൂമിയുടെ ചൂടിലേക്ക് ജീവിതമാർഗം തേടിയെത്തി പലയിടങ്ങളിലായി വേർപിരിഞ്ഞ അനേകമനേകം പേരെ ദേശസ്നേഹമെന്ന ഒരൊറ്റ വികാരത്താൽ ഒരുമിപ്പിക്കുന്ന ദിനം കൂടിയാണിത്. അതിനാൽ ചെറിയ കൂട്ടായ്മകളും മറ്റും വലിയ ആവേശത്തോടെയാണ് ആഹ്ലാദ സന്ദർഭത്തെ ഏറ്റെടുത്തിരിക്കുന്നത്. പല കൂട്ടായ്മകളുടെയും ആഘോഷത്തിന്‍റെ ഭാഗമായി സേവന-ജീവകാരുണ്യ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വൈഞജാനിക സംവാദങ്ങളും ചർച്ചകളും ഒരുക്കുന്നവരുമുണ്ട്. പല കൂട്ടായ്മകളുടെലും പരിപാടികളും ആഗസ്ത് അവസാനം വരെയും വർഷാവസാനം വരെയും നീളുന്ന തരത്തിലുമാണ്.

Tags:    
News Summary - independence day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.