ദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതമായി നീട്ടി. അടുത്ത അറിയിപ്പുവരെ വിലക്ക് നീട്ടുന്നതായി ദേശീയ ദുരന്ത നിവാരണ സമിതിയും സിവിൽ ഏവിയേഷനും അറിയിച്ചു. ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് വിലക്ക്. 14 ദിവസത്തിനിടെ ഇന്ത്യയിൽ തങ്ങിയവർക്കും ഇന്ത്യ വഴി യാത്രചെയ്തവർക്കും യാത്രാവിലക്കുണ്ട്. അതേസമയം, യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് പോകാൻ തടസ്സമില്ല.
അതേസമയം, യു.എ.ഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ വിസക്കാർ എന്നിവർക്ക് യു.എ.ഇയിലേക്ക് വരാം. ഇരു സർക്കാറിെൻറയും അനുമതിയോടെയുള്ള ബിസിനസ് വിമാനങ്ങൾക്കും സർവിസ് നടത്താം. ഇതിന് കർശന നിബന്ധനകളുണ്ട്. യാത്രക്ക് 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം. യു.എ.ഇയിലെത്തി 10 ദിവസം ക്വാറൻറീനിൽ കഴിയണം. വിമാനത്താവളത്തിലിറങ്ങുേമ്പാഴും നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്നും അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 25 മുതലാണ് ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് പത്തുദിവസത്തെ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ആദ്യം മേയ് നാലുവരെയായിരുന്നു. പത്ത് ദിവസത്തിനുശേഷം പുനരാലോചിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, മേയ് 14 വരെയുള്ള വിമാനങ്ങൾ റദ്ദാക്കിയതായി വിമാന കമ്പനികൾ പിന്നീട് അറിയിച്ചു. ഇതാണ് അനിശ്ചിതമായി നീട്ടിയത്.
ഇതോടെ യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിലായി. ഉടൻ യു.എ.ഇയിൽ എത്തിയില്ലെങ്കിൽ വിസ കാലാവധി കഴിയുന്നവരും ജോലി നഷ്ടപ്പെടുന്നവരും പ്രതിസന്ധിയിലായി. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയാതെ യാത്രാവിലക്ക് നീക്കാനുള്ള സാധ്യത കുറവാണ്. യു.എ.ഇയിലെത്താൻ പ്രവാസികൾ മറ്റ് പലവഴികളും നോക്കുന്നുണ്ടെങ്കിലും യാത്രാ ചെലവും അനിശ്ചിതാവസ്ഥയുംമൂലം യാത്രകൾ ഒഴിവാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.