അബൂദബി: അബൂദബി ചെസ് ക്ലബുമായി ചേർന്ന് ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഓപൺ ചെസ് ടൂർണമെന്റ് ശനിയാഴ്ച നടക്കും. 20ലേറെ രാജ്യങ്ങളിൽനിന്നുള്ള 400ഓളം പേർ ടൂർണമെന്റിൽ മാറ്റുരക്കും.
രണ്ടു വിഭാഗമായി നടക്കുന്ന മത്സരത്തിൽ അണ്ടർ-16 രാവിലെ 10 മുതൽ ഉച്ച ഒരുമണി വരെയായിരിക്കും. വൈകീട്ട് 5 മുതൽ രാത്രി 10 വരെയാണ് ഓപൺ വിഭാഗത്തിലുള്ള മത്സരം. അസർബൈജാൻ താരം 84ാം ഗ്രാൻഡ് മാസ്റ്റർ ആർക്കാഡിജ് നൈദിഷ് മുഖ്യാതിഥിയായിരിക്കും. പുതുതലമുറയെ ചെസിലേക്കാകർഷിക്കുന്നതിന്റെ ഭാഗമായാണ് അണ്ടർ–16 മത്സരങ്ങൾക്ക് പ്രാധാന്യം നൽകുന്നതെന്ന് അബൂദബി ചെസ് ക്ലബ് എക്സിക്യൂട്ടിവ് ഡയറക്ടർ സഈദ് അഹമ്മദ് അൽഖൂരി പറഞ്ഞു.പരിശീലനത്തിനും വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ സ്കൂളുകളുമായി ചേർന്ന് പ്രത്യേക പരിശീലന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
ഫിഡെ റേറ്റിങ്ങിലുള്ള പ്രഫഷനൽ മത്സരാർഥികൾക്കും പുതിയ മത്സരാർഥികൾക്കും ഒരുപോലെ അവസരം ഒരുക്കുന്നതിനാണ് അബൂദബി ചെസ് ക്ലബിന്റെ സഹകരണത്തോടെ ഇന്ത്യൻ ഇസ്ലാമിക് സെന്റർ ശ്രമിക്കുന്നതെന്ന് ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി പറഞ്ഞു. വാർത്തസമ്മേളനത്തിൽ അബൂദബി ചെസ് ക്ലബ് മുഖ്യ പരിശീലകൻ ബോഗ്ദാൻ, സെന്റർ വൈസ് പ്രസിഡന്റ് ഇബ്രാഹിം ബഷീർ, ട്രഷറർ ഹിദായത്തുല്ല, ചീഫ് കോഓഡിനേറ്റർ പി.ടി. റഫീഖ്, സ്പോർട്സ് സെക്രട്ടറി ജലീൽ കറിയേടത്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.