വീണ്ടും പുറം കടല്‍ ദുരിത ജീവിതം: സഹായമഭ്യര്‍ഥിച്ച് പത്ത് ഇന്ത്യന്‍ യുവാക്കള്‍ ഷാര്‍ജ തുറമുഖത്ത്

റാസല്‍ഖൈമ: പുറം കടലില്‍ നിന്നുള്ള ദുരിത ജീവിത വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. 21 മാസം മുമ്പ് ഇന്ത്യയില്‍ നിന്നത്തെിയ പത്ത് യുവാക്കളാണ് ഇക്കുറി സഹായഭ്യര്‍ഥിച്ച് ഷാര്‍ജ ഖാലിദിയ തുറമുഖത്ത് ദുരിതത്തില്‍ കഴിയുന്നത്. അനൂപ് പഥക്ക്, ശുബം കുമാര്‍, ധിരേന്ദ്രകുമാർ, പ്രിന്‍സ് ശര്‍മ, ആകാശ് പ്രജാപതി, യുഗല്‍ കിഷോര്‍, പഥംസിംഗ്, വിക്രം സിഗരി, വിസുമത് സിംഗ്, ഹര്‍ജിത് പല്‍ സിംഗ് തുടങ്ങിയവാണ് 18 മാസത്തെ പുറം കടല്‍ ദുരിത ജീവിതത്തിന് ശേഷം ഒരു മാസം മുമ്പ് ഷാര്‍ജ തുറമുഖത്തത്തെിയത്. ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന ഇവരുടെ വിവരം മലയാളിയായ സജിമോന്‍ മുഖേനയാണ് പുറം ലോകം അറിയുന്നത്. 90,000 മുതല്‍ രണ്ട് ലക്ഷം രൂപ സീമെന്‍ വിസക്ക് നല്‍കിയാണ് തങ്ങള്‍ പത്ത് പേര്‍ ദല്‍ഹിയില്‍ നിന്നും യു.എ.ഇയിലത്തെിയതെന്ന് സംഘത്തിലുള്ള ജാര്‍ക്കണ്ഡ് സ്വദേശി അനൂപ് പഥക്ക് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ആദ്യ മുന്ന് മാസം ശമ്പളവും ഭക്ഷണവും ലഭിച്ചിരുന്നു. പിന്നീട് തങ്ങളെ ഇവിടെ എത്തിച്ചവരെക്കുറിച്ച് വിവരമൊന്നുമില്ല. മരണം മുന്നില്‍ കണ്ട് ജീവിതം തള്ളി നീക്കിയ തങ്ങള്‍ മാര്‍ച്ച് 26നാണ് ഷാര്‍ജ ഖാലിദിയ തുറമുഖത്തത്തെിയതെന്നും അനൂപ് പറഞ്ഞു. 
പട്ടിണിയും പരിവട്ടങ്ങള്‍ക്കുമിടെ രേഖകളില്ലാതെ ഷാര്‍ജ തുറമുഖത്തത്തെിയതിന് നിയമ നടപടികളും അഭിമുഖീകരിക്കേണ്ട ദുരവസ്ഥയിലാണ് ഈ യുവാക്കളെന്ന് സജിമോന്‍ അഭിപ്രായപ്പെട്ടു. സുഹൃത്തുക്കളുടെ സഹകരണത്തോടെ ഇവര്‍ക്കായി ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്. രേഖകള്‍ ശരിയാക്കി എത്രയും പെട്ടെന്ന് നാട്ടിലത്തൊനുള്ള സഹായമാണ് ഇവരുടെ ആവശ്യം. പരിതാപകരമായ സാഹചര്യത്തിലാണ് തുരുമ്പെടുത്ത കപ്പലില്‍ ഇവര്‍ ഓരോ നിമിഷവും തള്ളി നീക്കുന്നതെന്നും സജിമോന്‍ തുടര്‍ന്നു. 
ആഴ്ചകള്‍ക്ക് മുമ്പാണ് സമാന ദുരിതത്തിലകപ്പെട്ട ഒരു മലയാളി ഉള്‍പ്പെടെയുള്ള 15 അംഗ സംഘം യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഈ രംഗത്തെ വന്‍ തൊഴില്‍ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളും ഇതോടനുബന്ധിച്ച് പുറത്തു വന്നിരുന്നു. അധികൃതരുടെയുടെ സാമൂഹ്യ പ്രവര്‍ത്തകരുടെയും അടിയന്തിര ഇടപെടലുകള്‍ ആവശ്യപ്പെടുന്നതാണ് യുവാക്കളുടെ ദുരിത ജീവിതം.

 

Tags:    
News Summary - kadal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.