ഷാർജ: മിഡ്ൽ ഈസ്റ്റിന്റെ മഹാമേളയിലേക്ക് ഉലകനായകൻ കമൽ ഹാസൻ എത്തുമ്പോൾ ഇക്കുറി ഇരട്ടിത്തിളക്കമാണ്. ബാഹുബലി 2വിന്റെ റെക്കോഡ് കലക്ഷൻ മറികടന്ന 'വിക്ര'മിന്റെ വിജയത്തിളക്കത്തിലാണ് കമൽ ഹാസൻ ജൂൺ 26ന് 'ഗൾഫ് മാധ്യമം' കമോൺ കേരള വേദിയിലേക്കെത്തുന്നത്. 25 ദിവസം പിന്നിടുന്ന വിക്രമിന്റെ വിജയ സന്തോഷവും കമൽ ഹാസൻ യു.എ.ഇയിലെ ഇന്ത്യൻ ഫാൻസുമായി പങ്കുവെക്കും. ജൂൺ 24, 25, 26 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മഹാമേളയുടെ അവസാന ദിനത്തിലാണ് സകലകലാ വല്ലഭന്റെ വരവ്. മറക്കാനാവാത്ത അമൂല്യ നിശ സമ്മാനിക്കുന്ന ഈ രാവിൽ നർമസല്ലാപവുമായി കമൽഹാസൻ കാണികളെ കൈയിലെടുക്കും. അകമ്പടിയായി പ്രിയ ഗായകരായ സിതാര കൃഷ്ണകുമാർ, ആൻ ആമി, അഖ്ബർ ഖാൻ, ജ്ഞാന ശേഖർ, മിഥുൻ ജയരാജ്, റംസാൻ എന്നിവർ ഷാർജ എക്സ്പോ സെന്ററിന്റെ സദസിൽ പാടിത്തകർക്കും.
കമൽ ഹാസന്റെ വരവ് പ്രവാസി സമൂഹം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ കമൽ എപ്പോഴൊക്കെ മലയാള വേദികളെ അഭിസംബോധന ചെയ്തിട്ടുണ്ടോ, അപ്പോഴെല്ലാം ആവേശം അണപൊട്ടിയിട്ടുണ്ട്. ഷാർജ എക്സ്പോ സെന്ററിലേക്ക് കമൽഹാസൻ എത്തുമ്പോൾ മലയാളികൾ മാത്രമല്ല, തെന്നിന്ത്യൻ സിനിമ പ്രേമികളെല്ലാം പ്രിയതാരത്തിന്റെ വാക്കുകൾക്കായി കാതോർത്ത് സദസിലുണ്ടാവും. കമലിന്റെ സിനിമകളിലെ ഗാനങ്ങൾക്ക് മുൻതൂക്കം നൽകിയായിരിക്കും സിതാനയും ആൻ ആമിയും ജ്ഞാന ശേഖറുമെല്ലാം സദസിനെ ഇളക്കിമറിക്കുന്നത്.
ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം കലാകാരന്മാരിൽ ഒരാളാണ് കമൽഹാസൻ. 1960ൽ ബാലതാരമായി സിനിമയിലെത്തിയ കമൽ കൈവെക്കാത്ത മേഖലകൾ കുറവാണ്. ബഹുമുഖ പ്രതിഭയായ കമൽഹാസൻ സംവിധായകൻ, ഗായകൻ, നിർമാതാവ് തുടങ്ങി സിനിമയിലെ സകലെ മേഖലകളിലും കടന്നു ചെന്നു. എന്നെന്നും ഓർമിക്കുന്ന 'ഇന്ത്യൻ' സിനിമയുടെ രണ്ടാം ഭാഗം ജോലികൾ നടക്കുന്ന തിരക്കിനിടയിലാണ് അദ്ദേഹം യു.എ.ഇയിലെ ആരാധകരെ കാണാൻ കമോൺകേരള വേദിയിലേക്ക് എത്തുന്നത്. 300 കോടി ക്ലബ്ബിലേക്കാണ് പുതിയ ചിത്രം വിക്രമിന്റെ ചരിത്ര യാത്ര. ഇതിൽ പത്ത് ശതമാനത്തിലേറെ കളക്ട് ചെയ്തത് കേരളത്തിലെ തീയറ്ററുകളിൽ നിന്നാണെന്ന് പറയുമ്പോൾ തന്നെ കമലും കേരളവും തമ്മിലെ ബന്ധം മനസിലാക്കാം.
ഹിന്ദിയിലേക്കും തെലുങ്കിലേക്കും ഡബ്ബ് ചെയ്തിട്ടും 'വിക്രം' എന്തുകൊണ്ട് മലയാളത്തിലേക്ക് മൊഴിമാറ്റിയില്ല എന്ന് ചോദിച്ചപ്പോൾ കമലിന്റെ മറുപടി ഇതായിരുന്നു 'മലയാളവും തമിഴും രണ്ടല്ല, ഒന്നാണ്. മലയാളികൾക്ക് നന്നായി തമിഴ് മനസിലാകും'.
അതെ, അതാണ് കമൽ ഹാസനും മലയാളവും തമ്മിലെ ബന്ധം. ഈ ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരിക്കും കമോൺ കേരളയിലെ സമാപന വേദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.