ദുബൈ: എമിറേറ്റിലെ പൊതു പാർക്കിങ് സംവിധാനം നിയന്ത്രിക്കുന്ന ‘പാർക്കിൻ’ കമ്പനിയുടെ ഐ.പി.ഒ ഓഹരി സ്വന്തമാക്കാൻ റെക്കോഡ് നിക്ഷേപകർ. ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിലെ സർവകാല റെക്കോഡ് നേട്ടം കൊയ്ത പ്രാഥമിക ഓഹരി വിൽപനയിൽ 165 മടങ്ങാണ് ഓവർ സബ്സ്ക്രിപ്ഷൻ രേഖപ്പെടുത്തിയത്. ഓഹരി വിൽപനയിലൂടെ 160 കോടി ദിർഹം സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടത്.
കമ്പനിയുടെ ഐ.പി.ഒ ഓഹരികളിൽ റീട്ടെയിൽ നിക്ഷേപകർക്ക് ലഭ്യമാക്കുന്നവയുടെ എണ്ണം വർധിപ്പിച്ചതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അസാധാരണമായ സബ്സ്ക്രിപ്ഷനും റീട്ടെയിൽ നിക്ഷേപകർ കൂടുതലായി ആവശ്യക്കാരായെത്തിയ സാഹചര്യവും പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് അതോറിറ്റിയുടെ (എസ്.സി.എ) അംഗീകാരത്തോടെ 89.96 കോടി ഓഹരികളായാണ് ഐ.പി.ഒ വർധിപ്പിച്ചത്. നേരത്തെ ആകെ 74.97 കോടി ഓഹരികളാണ് റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റിവെച്ചിരുന്നത്.
ഇതോടെ ആകെ ഓഹരിയുടെ 12 ശതമാനം ഓഹരികൾ വരെ റീട്ടെയിൽ നിക്ഷേപകർക്ക് ലഭ്യമാക്കും. കമ്പനിയുടെ 24.99 ശതമാനം ഓഹരികളാണ് ഐ.പി.ഒ വഴി ദുബൈ ഫിനാൻഷ്യൻ മാർക്കറ്റിലെത്തുന്നത്.
ഈ വർഷം ജനുവരിയിലാണ് പബ്ലിക്ക് ജോയന്റ് സ്റ്റോക്ക് കമ്പനിയായി ‘പാർക്കിൻ’ സ്ഥാപിതമായത്.
2024ൽ യു.എ.ഇ പ്രഖ്യാപിക്കപ്പെടുന്ന ആദ്യ ഐ.പി.ഒ പാർക്കിൻ കമ്പനിയുടേതാണ്. മാർച്ച് 21ന് കമ്പനി ഓഹരികൾ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.