കളിയും ചിരിയും തമാശയുമായി കല പഠിപ്പിക്കുന്ന ക്രാഫ്റ്റ് സെക്ഷനുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ. കുട്ടികളെ ചിരിപ്പിച്ചും രസിപ്പിച്ചും ലൂനയും സംഘവും കളിച്ചു പഠിപ്പിക്കുന്ന ക്രാഫ്റ്റ് സെഷനിൽ പങ്കെടുക്കാൻ കുരുന്നുകളുടെ തിരക്ക് കാണാം പുസ്തകോത്സവത്തിൽ. ഫെയരി പ്രിൻസസ് ഫ്രോസണിനെ പോലെ ഒരുങ്ങി ലൂനയും കൂട്ടാളികളും അവതരിപ്പിക്കുന്ന തമാശനിറഞ്ഞ സ്കിറ്റ് ആസ്വദിച്ചാണ് മനോഹരമായ ക്രാഫ്റ്റ് വർക്കുകൾ ചെയ്യാൻ കുട്ടികൾ പഠിക്കുന്നത്.
കുട്ടികളുടെ ഉള്ളിലൊളിഞ്ഞിരിപ്പുള്ള കഴിവുകളെ പുറത്ത് കൊണ്ട് വരാനുള്ള ഈ സെഷനുകളിൽ ഉപയോഗമില്ലാത്ത വസ്തുക്കൾ ആർട്ട് ആൻഡ് ക്രാഫ്റ്റിലൂടെ എങ്ങനെ ഉപയോഗപ്രദമാക്കാം എന്നാണ് പഠിപ്പിക്കുന്നത്. പല നിറത്തിലുള്ള നൂലുകൾ ഉപയോഗിച്ച് എംബ്രോയ്ഡറി ചെയ്യാനും ഇഷ്ടമുള്ളതൊക്കെ തുന്നിയെടുക്കാനും പഠിപ്പിക്കുന്ന സെഷൻ ആണ് ലൂനയുടെ ക്രാഫ്റ്റ് സൂജോ.
കുട്ടികളുടെ കൂടെ അവരിലൊരാളായി നിന്നാണ് ലൂന എംബ്രോയ്ഡറി പഠിപ്പിക്കുന്നത്. സ്കിറ്റിൽ വലിയ പാന്റും ഇട്ട് വരുന്ന ടോട്ടോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടോട്ടോയുടെ പാന്റ് ശരിയാക്കാൻ ആർട്ട് ആൻഡ് ക്രാഫ്റ്റ് ഉപയോഗിച്ച് എന്ത് ചെയ്യാനാകും എന്ന ലൂനയുടെ ചോദ്യത്തിന് കുട്ടികളുടെ ഭാവനയിൽ നിന്ന് പല ഉത്തരങ്ങളും കേൾക്കാം. തുടർന്ന് ലൂന എംബ്രോയ്ഡറി ചെയ്യാനുള്ള പല നിറത്തിലുള്ള നൂലുകളുമായെത്തുന്നു. അത്ഭുതത്തോടെ ഇരിക്കുന്ന കുട്ടികൾക്ക് കൂടെ ഇരുന്ന് പൂക്കൾ തുന്നാനും പേരിന്റെ ആദ്യത്തെ അക്ഷരം മനോഹരമായി തുന്നിയെടുക്കാനും കൂടെ തന്നെയുണ്ട് ലൂനയും സംഘവും.
ഭാവനയും കൂടെ കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുന്ന ഈ സെഷനിൽ ഒട്ടും മടുപ്പില്ലാതെ ഇരിക്കുന്ന കുരുന്നുകൾ ടോട്ടോയുടെ തമാശകൾ കേട്ട് ചിരിച്ച് കൊണ്ടാണ് എംബ്രോയ്ഡറി തുടരുന്നത്. അവസാനം മനോഹരമായി തുന്നിയെടുത്ത അക്ഷരങ്ങളും പൂക്കളും നോക്കി കുട്ടികളുടെ മുഖത്ത് വിരിയുന്നൊരു പുഞ്ചിരിയുണ്ട്. അത് കൂടി കണ്ടാൽ സംതൃപ്തിയോടെ ലൂനയുടെ ക്രാഫ്റ്റ് സെഷൻ അവസാനിപ്പിക്കും. ചെയ്ത ക്രാഫ്റ്റ് വർക്കും കയ്യിൽ പിടിച്ച് സന്തോഷത്തോടെ പുതിയ അഭിരുചിയും അനുഭവവും ആഗ്രഹങ്ങളുമൊക്കെയായി തുള്ളിച്ചാടി സെഷനിൽ നിന്ന് കുട്ടികൾ ഇറങ്ങുന്നതും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.