അബൂദബി: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി അബൂദബിയില്‍ പ്രത്യേക മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആൽ നഹ്യാൻ അനുമതി നല്കി. ശിശുരോഗ വിഭാഗം, നവജാതശിശുക്കളുടെ ആരോഗ്യ പരിചരണം, പുനരധിവാസ കേന്ദ്രം, സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യ കേന്ദ്രം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി. അബൂദബിയുടെ ആരോഗ്യസുരക്ഷ സംവിധാനത്തിലേക്ക് സുപ്രധാന ചുവടുവെപ്പും എമിറേറ്റിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ ശക്തിപ്പെടുത്തലുമായിരിക്കും പുതിയ പദ്ധതിയെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. പദ്ധതിക്കായുള്ള നിർദിഷ്ട സ്ഥലം സന്ദർശിക്കുകയായിരുന്നു. 250 കിടക്കകളുള്ള ആശുപത്രിയാണ് സ്ഥാപിക്കുന്നത്. 200ലേറെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. ഇവരില്‍ ഓങ്കോളജി, ഒഫ്താല്‍മോളജി, ന്യൂറോ സര്‍ജറി, കരള്‍, വൃക്ക, കുടല് മാറ്റിവെക്കല്‍, ഗ്യാസ്ട്രോ എന്‍ട്രോളജി, കാര്‍ഡിയോളജി എന്നിങ്ങനെ 29 സ്പെഷലൈസ്ഡ് ഡോക്ടര്‍മാർ ഉള്‍പ്പെടും. 2027ല്‍ പണി പൂർത്തീകരിക്കാനാണ് പദ്ധതി.
കോര്‍ണിഷ് ആശുപത്രിയിലെ സൗകര്യങ്ങൾ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റുന്ന പദ്ധതിക്കും ശൈഖ് ഖാലിദ് അനുമതി നല്കി. ഇതിൽ 205 കിടക്കകളുണ്ടാവും. ഇതില്‍ 90 എണ്ണം കുട്ടികള്‍ക്കും 15 എണ്ണം പ്രസവ വാര്ഡുകളിലുമായിരിക്കും. 120 ലേറെ ഡോക്ടര്‍മാരും 460 നഴ്സിങ് ജീവനക്കാരുമാണ് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. സല്‍മ ചില്‍ഡ്രന്‍സ് റീഹാബിലിറ്റേഷന്‍ ഹോസ്പിറ്റലും സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യകേന്ദ്രവും മെഡിക്കല്‍ സിറ്റിയില്‍ ഉണ്ടാവും. അബൂദബി ആരോഗ്യ വകുപ്പ് ചെയര്മാന് മന്‍സൂര്‍ അല്‍ മന്‍സൂരി, അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സെയിഫ് സഈദ് ഗോബാഷ്, അബൂദബി ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. നൂറ അല്ഗൈതി, പ്യൂര്‍ ഹെല്‍ത്ത് സ്ഥാപകയും ചീഫ് എക്സിക്യൂട്ടിവുമായ ശൈസ്ത ആസിഫ് എന്നിവരും നിര്‍ദിഷ്ട പദ്ധതിയുടെ പ്ലാന്‍ കാണാനെത്തിയിരുന്നു. അബൂദബി ആരോഗ്യവകുപ്പും പ്യൂര്‍ ഹെല്‍ത്തും സംയുക്തമായാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.