ദുബൈ: ലോകമാകെ കരയും കടലും കൊട്ടിയടച്ച് പ്രതിരോധിക്കുമ്പോഴും മനുഷ്യസ്നേഹത്തെ ഒരു കോവിഡിനും കവർന്നെടുക്കാനാവില്ലെന്നതിന് പുതിയൊരു സാക്ഷ്യംകൂടി. വൈറസ് തീർക്കുന്ന വെല്ലുവിളികൾക്കിടയിലും വിശ്രമമില്ലാതെ സഹജീവികൾക്ക് വേണ്ടി അധ്വാനിക്കുന്ന ദുബൈ കെ.എം.സി.സി തന്നെയാണ് കരുണയുടെ കൈകൾ ചേർത്തുപിടിച്ച് മാനവിക സ്നേഹത്തിെൻറ മറ്റൊരു അധ്യായം എഴുതിച്ചേർത്തിരിക്കുന്നത്. നാട്ടിൽ ലഭ്യമല്ലാതിരുന്ന മരുന്ന് ദുബൈയിൽ നിന ്ന് കെ.എം.സി.സി ഫാർമസിസ്റ്റ് സെൽ സംഘടിപ്പിച്ച് വൈറ്റ് ഗാർഡ് വഴിയാണ് കോട്ടയത്തെ വീട്ടിലെത്തിച്ചത്.
കോട്ടയത്തെ രണ്ടര വയസ്സുകാരൻ കൃഷ്ണേന്ദു രാജേഷിന് നാട്ടിലെവിടെയും കിട്ടാത്ത ട്യൂബറസ് സ്ലിറോസിസ് എന്ന മരുന്ന് ആവശ്യമുണ്ടെന്ന വിവരം രണ്ടു ദിവസം മുമ്പാണ് ദുബൈയിലെ കെ.എം.സി.സി ഗ്രൂപ്പുകളിൽ സന്ദേശമായെത്തിയത്. സർവം ലോക്ഡൗണിലായ ഇൗ അവസ്ഥയിൽ ഇതു സാധിക്കുമോ എന്ന് ആലോചിക്കുന്നതിന് പകരം ഫാർമസിസ്റ്റ് സെൽ കോഒാഡിനേറ്റർ പി.വി. ഇസ്മായിലും എം.വി. നിസാർ പാനൂരും അപ്പോൾ മരുന്ന് തേടിയിറങ്ങി. അലച്ചിലിനൊടുവിൽ മരുന്ന് കിട്ടിയപ്പോൾ കാർഗോ വിമാനത്തിലെ പൈലറ്റുമാരെ ഏൽപിച്ച് അതുവഴി നാട്ടിലെത്തിക്കാമെന്നായിരുന്നു ആദ്യ കണക്കുകൂട്ടൽ. എന്നാൽ ഒരു പകൽ മുഴുവൻ ശ്രമം നടത്തിയിട്ടും എല്ലാ വഴികളും അടയുന്ന കാഴ്ചകൾക്കാണ് പിന്നീട് സാക്ഷ്യം വഹിക്കേണ്ടി വന്നതെന്ന് നിസാർ പാനൂർ പറഞ്ഞു.
എങ്കിലും ശ്രമങ്ങൾ ഉപേക്ഷിക്കാൻ ഫാർമസിസ്റ്റ് സെൽ തയാറായിരുന്നില്ല. വേദന കൊണ്ടു കരയുന്നത് ഒരു പിഞ്ചുകുഞ്ഞാണെന്ന ചിന്ത, ചലനങ്ങൾക്ക് വേഗം കൂട്ടി. ഒടുവിലാണ് എയർ കാർഗോ സർവിസ് വഴി മരുന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. കാര്യങ്ങളെല്ലാം ബോധിപ്പിച്ചിട്ടും മരുന്ന് കയറ്റി അയക്കുന്നതിന് ഇപ്പോൾ നിയന്ത്രണങ്ങളാണെന്നായിരുന്നു അവിടെയും മറുപടി.
നിരന്തരം യാത്ര ചെയ്തു പരിചയമുള്ള നിസാർ പാനൂർ ഇടപെട്ട് ജീവൻരക്ഷാ മരുന്നാണെന്ന പ്രധാന്യം ചൂണ്ടിക്കാട്ടിയതോടെ മരുന്ന് ബിൽ കൂടി ഉൾപ്പെടുത്തി അയക്കാൻ കാർഗോ കമ്പനി തയാറായി. ആയിരം കാതങ്ങൾക്കപ്പുറം വേദനിക്കുന്ന ഒരു പിഞ്ചുകുഞ്ഞ് കാത്തിരിക്കുന്ന മരുന്നാണെന്ന സന്ദേശം കൂടി എഴുതിച്ചേർക്കാൻ നിർദേശിച്ചതും നിസാർ തന്നെയായിരുന്നു. ഇതു രണ്ടുമായതോടെ നടപടിക്രമങ്ങളെല്ലാം വളരെ വേഗത്തിൽ പൂർത്തിയായെന്ന് പി.വി. ഇസ്മായിലും പറഞ്ഞു. പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് കടലലകൾ താണ്ടി ശനിയാഴ്ച വൈകുന്നേരത്തോടെ കൊച്ചിയിൽ മരുന്നെത്തി. അവിടെ നിന്ന് വൈറ്റ് ഗാർഡ് വളൻറിയർമാരുടെ സഹായത്തോടെ കോട്ടയത്ത് കൃഷ്ണേന്ദുവിെൻറ വീട്ടിലേക്കും.
രണ്ടു ദിവസം നീണ്ട അധ്വാനങ്ങൾ വേണ്ടിവന്നുവെങ്കിലും വേദന മാറിയപ്പോൾ കൃഷ്ണേന്ദുവിെൻറ മുഖത്ത് പുഞ്ചിരി വിടർന്ന സന്തോഷത്തിലാണിവർ. കെ.എം.സി.സി കണ്ണൂർ ജില്ല പ്രസിഡൻറ് സൈനുദ്ദീൻ ചേലേരിയും കോഓഡിനേറ്റർ അഫ്സൽ ഉളിയിലുമാണ് കടൽ കടന്നുള്ള കാരുണ്യപ്രവർത്തനം നിയന്ത്രിച്ചത്. ഫാർമസിസ്റ്റ് സയ്യിദ് ആബിദ് പാനൂർ, സാദിഖ്, കൗൺസലിങ് സെൽ ചീഫ് കോഒാഡിനേറ്റർ രഹ്ദാദ് മൂഴിക്കര തുടങ്ങിയവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.