ന്യൂഡൽഹി: ഇന്ത്യ 68ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ രാജ്പഥിൽ നടന്ന സൈനിക പരേഡിൽ യു.എ.ഇ സേനയും പങ്കാളികളായി. യു.എ.ഇയുടെ പ്രസിഡന്‍റ് ഗാർഡ്, കര, നാവിക, വ്യോമ സേനകളെ പ്രതിനിധീകരിച്ച് 179 സൈനികരും 35 അംഗ സൈനിക ബാന്‍റുമാണ് പരേഡിൽ പങ്കെടുത്തത്. ലഫ്റ്റനന്‍റ് കേണൽ അബൂദ് മൂസാബെ അൽ ജിഫ് ലി ആണ് മാർട്ട് പാസ്റ്റിനെ നയിച്ചത്.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള സൈനിക പരേഡിൽ പങ്കാളിയാകുന്ന രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. കഴിഞ്ഞ തവണ ഫ്രഞ്ച് സൈന്യം പരേഡിൽ പങ്കെടുത്തിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന മുഖ്യാതിഥിയുടെ രാജ്യത്തിലെ സേനയെ പരേഡിൽ പങ്കാളിയാക്കാൻ കഴിഞ്ഞ വർഷം മുതലാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്.
രാഷ്ട്രപതി പ്രണബ് മുഖർജി ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യാതിഥി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്യാന്‍റെ സാന്നിധ്യത്തിലാണ് സൈനിക പരേഡ് നടന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കാളിയാകാൻ എത്തിയ നൂറോളം വരുന്ന യു.എ.ഇ പ്രതിനിധികൾ സൈനിക പരേഡ് കാമറയിലും മൊബൈലിലും പകർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.