ദുബൈ: പലവിധ ദുരിതങ്ങളുടെ സമ്മേളന കേന്ദ്രമാണ് മോഹൻദാസ് അയ്യാപ്പിള്ളയുടെ വീട്. കാഴ്ചയില്ല, ജോലിയില്ല, വിസയില്ല, എമിറേറ്റ്സ് ഐ.ഡിയില്ല. കേസും കടവും രോഗവും ആവോളമുണ്ടുതാനും. പാസ്പോർട്ട് കാലാവധി കഴിഞ്ഞു. പോരാത്തതിന് കോവിഡും വന്നുപോയി. സമാനതകളില്ലാത്ത ദുരിതത്തിലൂടെ ജീവിതം തള്ളിനീക്കുകയാണ് ഷാർജയിൽ താമസിക്കുന്ന ഈ കുടുംബം.
ഒരു വർഷം മുമ്പാണ് നാഗർകോവിൽ സ്വദേശിയായ മോഹൻദാസിെൻറ കാഴ്ച നഷ്ടമായത്. ഈ കാലത്തിനിടെ നാല് ശസ്ത്രക്രിയകളാണ് നടന്നത്. കുടൽ തുറന്ന് വയറിൽ ഘടിപ്പിച്ച സംവിധാനം വഴിയാണ് മലമൂത്ര വിസർജനം. 2011ൽ ജോലി നഷ്ടപ്പെട്ട മോഹൻദാസ് സുമനസ്സുകളുടെ സഹായത്താലാണ് ജീവിതം മുന്നോട്ടുനീക്കുന്നത്. തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യുന്ന രണ്ടു മക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് മോഹൻദാസിെൻറ കടവും ചികിത്സ ചെലവും. മരുന്നിനു മാത്രം ഓരോ മാസവും 1500 ദിർഹം വേണം. സ്പോൺസർ നൽകിയ ഒളിേച്ചാട്ട പരാതിയും 58,000 ദിർഹം വാടക നൽകാനുള്ളതിെൻറ പരാതിയുമില്ലായിരുന്നെങ്കിൽ നാട്ടിലെത്താമായിരുന്നു. ഈ തുക അടക്കാൻ സുമനസ്സുകൾ കനിവുകാട്ടിയാൽ ഈ കുടുംബത്തിന് ചെറിയൊരു ആശ്വാസമാകും.
ഒളിച്ചോട്ട കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റ് അപേക്ഷ നൽകിയിട്ടുണ്ട്. ഉടൻതന്നെ മറ്റൊരു ശസ്ത്രക്രിയ കൂടി വേണം. രണ്ടുതവണ ഹൃദയാഘാതവും കീഴടക്കി. ഇതിനിടെ വന്ന കോവിഡിനെ ആത്മവിശ്വാസംകൊണ്ട് അതിജീവിച്ചു. നാട്ടിൽ പോയാലും കയറിക്കിടക്കാൻ കൂരയില്ല. എങ്കിലും നാട്ടിലെത്തിയല്ലോ എന്ന ആശ്വാസമുണ്ടാവും എന്ന് മോഹൻദാസ് പറയുന്നു.
ശുശ്രൂഷക്കായി എത്തിയ ഭാര്യയുടെ വിസ കാലാവധി ഉടൻ അവസാനിക്കും. ഇതോടെ, ഭാര്യക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. സാമൂഹിക പ്രവർത്തകനായ എ.വി. ബൈജുവും സംഘവും സഹായെമത്തിക്കുന്നുണ്ട്. സുമനസ്സുകൾ നൽകുന്ന സഹായവും ഭക്ഷണക്കിറ്റുമുള്ളതിനാലാണ് പട്ടിണിയില്ലാതെ മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.