അബൂദബി: റോഡപകടത്തിൽ തലക്കു ഗുരുതര പരിക്കേറ്റ് രണ്ടുവർഷത്തോളം ആശുപത്രിക്കിടക്കയിലും സുമനസ്സുള്ളവരുടെ മുറിയിലുമായി കഴിഞ്ഞ പാലക്കാട് കോങ്ങാട് കല്ലരിക്കോട് ചെമ്പനത്തിട്ട വീട്ടിൽ വേലായുധെൻറ മകൻ മോഹൻദാസ് (35) ഒടുവിൽ നാട്ടിലെത്തി.മോഹൻദാസിനെ ആശുപത്രിയിൽനിന്ന് സ്വന്തം മുറിയിൽ കൊണ്ടുവന്ന് സംരക്ഷണവും പരിചരണവും നൽകിയ അബൂദബി കെ.എം.സി.സി വൈസ് പ്രസിഡൻറ് അസീസ് കാളിയാടനോടൊപ്പമാണ് നാട്ടിലേക്കു മടങ്ങിയത്.
മുസഫയിൽനിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെ 2019 ഏപ്രിലിൽ ഷഹാമയിലുണ്ടായ വാഹനാപകടത്തിലാണ് തലക്ക് ഗുരുതര പരിക്കേറ്റ് മോഹൻദാസ് ആശുപത്രിയിലായത്.നാട്ടിലെ കുടുംബ പ്രാരബ്ധങ്ങൾക്ക് ശാശ്വതപരിഹാരം തേടിയാണ് വീടും സ്ഥലവും പണയപ്പെടുത്തി 2018 ആഗസ്റ്റിൽ സന്ദർശന വിസയിൽ ജോലിതേടി ഇവിടെ എത്തിയത്.
അതിനിടെയാണ് സഞ്ചരിച്ച വാഹനം റോഡിലെ ഡിവൈഡറിൽ ഇടിച്ചു കയറി മോഹൻദാസിെൻറ ജീവിതം താളംതെറ്റിയത്. മോഹൻദാസിനെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ വ്യാകുലതയിലായ കുടുംബാംഗങ്ങൾ മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് അബൂദബി മഫ്റഖ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആരെയും തിരിച്ചറിയാതെ ആശുപത്രിയിൽ കഴിഞ്ഞ മോഹൻദാസിനെ പാലക്കാട് ജില്ല കെ.എം.സി.സി ഭാരവാഹികളായ മജീദ് അണ്ണാൻതൊടിയും ഖമറുദ്ദീനുമാണ് കണ്ടെത്തിയത്. തലയോട്ടിയുടെ മുകൾ ഭാഗം നീക്കി ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന മോഹൻദാസിന് സഹായഹസ്തവുമായി അബൂദബി കെ.എം.സി.സി എത്തുകയായിരുന്നു.
എട്ടു മാസത്തെ ആശുപത്രിവാസത്തിനുശേഷം ഡിസ്ചാർജ് ചെയ്ത മോഹൻദാസിനെ കെ.എം.സി.സി വൈസ് പ്രസിഡൻറ് അസീസ് കാളിയാടൻ സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് ഭക്ഷണവും പരിചരണവും നൽകി സംരക്ഷിച്ചു. വാഹനാപകടവുമായി ബന്ധപ്പെട്ട ഇൻഷുറൻസ് കേസുകൾ അബൂദബിയിൽ നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ മോഹൻദാസിെൻറ അമ്മയുടെ അഭ്യർഥന മാനിച്ചാണ് അസീസ് നാട്ടിലെത്തിച്ചത്. അസീസിെൻറ വീട്ടിലാണ് മോഹൻദാസ് ക്വാറൻറീനിൽ കഴിയുന്നത്. അമ്മയും സഹോദരിയും ഉൾപ്പെട്ട മോഹൻദാസിെൻറ കുടുംബം ഇവിടെയെത്തിയിരുന്നു. മോഹൻദാസിനും അസീസ് കാളിയാടനും ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ അബൂദബി കെ.എം.സി.സി പ്രവർത്തകർ യാത്രയയപ്പ് നൽകി. പ്രസിഡൻറ് ഷുക്കൂറലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെൻറർ വൈസ് പ്രസിഡൻറ് ടി.കെ. സലാം, മജീദ് അണ്ണാൻതൊടി, അഷറഫ് പൊന്നാനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.