യു.എ.ഇയിൽ മാസ്കിന്​ കൂടുതൽ ഇളവുകൾ; പള്ളികളിൽ സാമൂഹിക അകലം ഒഴിവാക്കി

ദുബൈ: യു.എ.ഇയിൽ കോവിഡ് നിബന്ധനകളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. സ്കൂളിൽ അടക്കം മിക്കയിടങ്ങളിലും മാസ്ക് ഒഴിവാക്കി. എന്നാൽ, പള്ളികളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ധരിക്കണം. പള്ളികളിലെ സാമൂഹിക അകലം ഒഴിവാക്കി. പി.സി.ആർ ടെസ്റ്റെടുക്കുമ്പോൾ ഗ്രീൻപാസിന്‍റെ കാലാവധി 30 ദിവസമായി വർധിപ്പിച്ചു. നേരത്തെ 14 ദിവസമായിരുന്നു. അബൂദബിയിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻപാസ് നിർബന്ധമാണെന്നിരിക്കെ പ്രവാസികൾ അടക്കമുള്ളവർക്ക് ആശ്വാസകരമായ നടപടിയാണിത്. എന്നാൽ, വാക്സിനെടുക്കാത്തവർ ഏഴ് ദിവസം കൂടുമ്പോൾ പി.സി.ആർ പരിശോധന നടത്തണം.

കോവിഡ് ബാധിതർക്ക് അഞ്ചുദിവസം മാത്രം ഐസൊലേഷൻ മതി. നേരത്തെ ഇത് 10 ദിവസമായിരുന്നു. കോവിഡ് ബാധിതരുമായി അടുത്തിടപഴകുന്നവർ ഐസൊലേഷനിൽ കഴിയണമെന്ന നിബന്ധനയും ഒഴിവാക്കി. ഭക്ഷണം വിതരണം ചെയ്യുന്നവരും രോഗലക്ഷണമുള്ളവരും മാസ്ക് ധരിക്കണം. സ്കൂളുകളിൽ അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ല. വിമാനങ്ങളിലും മാസ്ക് നിർബന്ധമില്ല. എന്നാൽ, വിമാനക്കമ്പനികൾക്ക് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാം. ദിവസേനയുള്ള കോവിഡ് കണക്കുകൾ പ്രഖ്യാപിക്കുന്നത് നിർത്തും.

സെപ്റ്റംബർ 28 മുതലാണ് പുതിയ ഇളവുകൾ നിലവിൽവരുക. രാജ്യത്ത് കോവിഡ്ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതോടെയാണ് ഇളവ് പ്രഖ്യാപിച്ചത്. നേരത്തെ പൊതുസ്ഥലങ്ങളിൽ മാസ്കിന് ഇളവ് നൽകിയിരുന്നു. എന്നാൽ, അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായിരുന്നു. ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 1000 ദിവസം തികഞ്ഞ ദിനത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. രണ്ടരവർഷത്തിന് ശേഷമാണ് യു.എ.ഇയിലെ ഇൻഡോർ കേന്ദ്രങ്ങളിൽ മാസ്ക് ഒഴിവാകുന്നത്. ഇനിമുതൽ മാൾ, സൂപ്പർമാർക്കറ്റ്, ഹോട്ടൽ, റസ്റ്റാറൻറുകൾ തുടങ്ങിയവയിലൊന്നും മാസ്ക് ആവശ്യമില്ല.

അബൂദബിക്ക് ആശ്വാസം

അബൂദബി: കോവിഡ് നിയമങ്ങളില്‍ പ്രഖ്യാപിച്ച ഇളവ് ഏറ്റവും കൂടുതൽ ആശ്വാസമാവുക അബൂദബി നിവാസികൾക്ക്. ഗ്രീൻപാസ് കാലാവധി 15 ദിവസത്തിൽനിന്ന് 30 ദിവസമായി ഉയർത്തിയതാണ് പ്രധാന ആശ്വാസം. അബൂദബിയിലെ മാളുകളിലും പാര്‍ക്കുകളിലും മറ്റും ഗ്രീന്‍ പാസ് കാണിച്ചെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. ഓഫിസ് ജോലികള്‍ ചെയ്യുന്നവരും നിര്‍ബന്ധമായും തുടര്‍ച്ചയായി ഗ്രീന്‍പാസ് സ്റ്റാറ്റസ് നിലനിര്‍ത്തേണ്ടതുമുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ കോവിഡ് ടെസ്റ്റ് നടത്തേണ്ട അവസ്ഥയിലായിരുന്നു അബൂദബിയിലെ പ്രവാസികൾ. ഇനിമുതൽ ഒരുമാസത്തിൽ ടെസ്റ്റ് ചെയ്താൽ മതി എന്നത് വലിയ ആശ്വാസം നൽകുന്ന തീരുമാനമാണ്.

പള്ളികളിലെ സാമൂഹിക അകലം ഒഴിവാക്കിയതും ഏറെ ഗുണകരമാകും. വെള്ളിയാഴ്ച പ്രാര്‍ഥനകളില്‍ അടക്കം സാമൂഹിക അകലം പാലിക്കേണ്ടതുള്ളതിനാല്‍ കനത്തചൂടില്‍ നില്‍ക്കേണ്ട സ്ഥിതിയുണ്ട്. സാമൂഹിക അകലം ഒഴിവാക്കിയതിനാല്‍ പള്ളിക്കുള്ളില്‍ കൂടുതല്‍പേര്‍ക്ക് പ്രാര്‍ഥിക്കാന്‍ സാധിക്കും. അതേസമയം, പള്ളിക്കുള്ളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം തുടരും. സ്‌കൂളുകളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് സംബന്ധിച്ചും അബൂദബിയിൽ വിശദമായ വിവരങ്ങള്‍ ഉടനുണ്ടാവുമെന്നാണ് വിവരം.

Tags:    
News Summary - More mask relaxation in UAE; Social distancing has been avoided in mosques

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT