അബൂദബി: കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ അബൂദബി എമിറേറ്റിൽ പ്രവേശിക്കുന്നതിന് എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് കമ്മിറ്റി പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു.ഞായറാഴ്ച മുതൽ മറ്റ് എമിറേറ്റുകളിൽനിന്ന് അബൂദബിയിൽ എത്തുന്നവർ നാലു ദിവസത്തിൽ കൂടുതൽ തങ്ങിയാൽ നാലാം ദിവസം പി.സി.ആർ പരിശോധന നടത്തണം. എത്തുന്ന ദിവസം ആദ്യ ദിവസമായി കണക്കാക്കും. എട്ടു ദിവസത്തിൽ കൂടുതൽ താമസിക്കുകയാണെങ്കിൽ എട്ടാം ദിവസം മറ്റൊരു പി.സി.ആർ പരിശോധനയും നടത്തണം. നേരത്തേ ആറു ദിവസത്തിൽ കൂടുതൽ തങ്ങുന്നവർ ആറാം ദിവസം പരിശോധന നടത്തണമെന്നായിരുന്നു നിബന്ധന. ഇതിലാണ് ഇപ്പോൾ മാറ്റംവന്നിരിക്കുന്നത്.
മറ്റ് എമിറേറ്റുകളിൽനിന്ന് അബൂദബിയിലേക്ക് പ്രവേശിക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ പരിശോധന ഫലമോ ലേസർ പരിശോധന നെഗറ്റിവ് ഫലമോ വേണമെന്ന നിബന്ധന തുടരും. കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളായ സന്നദ്ധപ്രവർത്തകരെയും അടിയന്തര തൊഴിലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഈ നടപടികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് സുഗമമായ യാത്രക്ക് അതിർത്തി ചെക്ക്പോസ്റ്റിന് സമീപത്തെ അടിയന്തര വാഹന പാതകൾ ഉപയോഗിക്കാം. അബൂദബിയിൽ പി.സി.ആർ പരിശോധനക്ക് 150 മുതൽ 250 ദിർഹം വരെ ചെലവുവരും. ഒരുതവണ ഡി.പി.ഐ പരിശോധനക്ക് 50 ദിർഹവും ചെലവുണ്ട്. എന്നാൽ ഷാർജ, അജ്മാൻ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ സൗജന്യ പരിശോധന സൗകര്യമുണ്ട്.
കോവിഡ്-19 പരിശോധന ഉറപ്പുവരുത്തുന്നതിനും വൈറസ് വ്യാപനം തടയുന്നതിനും കഴിഞ്ഞ ജൂൺ രണ്ടു മുതലാണ് അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിലായത്. അബൂദബിയിലെ ജനസാന്ദ്രത മേഖലകളിൽ ഡോർ ടു ഡോർ കോവിഡ്-19 പരിശോധന അടുത്തിടെ വീണ്ടും വിപുലീകരിച്ചു. വൈറസ് വ്യാപനം തടയാൻ യു.എ.ഇയിലുടനീളം നടത്തിയ സമൂഹ കോവിഡ് പരിശോധന വിജയിച്ചതായും ഇതുവരെ 135 ലക്ഷത്തിലധികം പരിശോധനകൾ നടത്തിയതായും അധികൃതർ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.