ദുബൈ: പ്രവാസികൾക്കും നിക്ഷേപകർക്കും സന്ദർശകർക്കും വിസ ലഭിക്കുന്നത് എളുപ്പമാക്കുന്ന പുതിയ സംവിധാനം യു.എ.ഇയിൽ തിങ്കളാഴ്ച മുതൽ നിലവിൽവരും. യു.എ.ഇയിലേക്ക് കൂടുതൽ പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നടപടിയിലൂടെ സാധിക്കുന്നതിനൊപ്പം പുതിയ വിസകളും നിലവിൽ വരും. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പുതിയ വിസകൾ അനുവദിച്ചുതുടങ്ങുക. നിലവിൽ ഗോൾഡൻ വിസ നൽകുന്നതുപോലെ പിന്നീട് വ്യാപകമായ രീതിയിൽ പുതിയ വിസ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇമാറാത്തികൾക്ക് പുതിയ രീതിയിലുള്ള പാസ്പോർട്ട് ലഭ്യമാക്കുന്ന നടപടികൾക്കും തിങ്കളാഴ്ച തുടക്കമാകുന്നുണ്ട്.
താമസവിസക്കാരനായ ഒരാളുടെ സ്പോൺസർ ചെയ്യപ്പെടുന്ന ആൺമക്കളുടെ പ്രായം 25 വയസ്സായി ഉയർത്തി(മുമ്പ് ഇത് 18 വയസ്സാണ്). അവിവാഹിതരായ പെൺമക്കൾക്ക് പ്രായപരിധിയില്ല. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടെ പ്രായം പരിഗണിക്കാതെ താമസാനുമതി ലഭിക്കും.
കൂടുതൽപേരെ
രാജ്യത്തേക്ക്
ആകര്‍ഷിക്കുക ലക്ഷ്യം
സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലിചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻവിസ. സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദഗ്ധതൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും അഞ്ചുവർഷത്തെ ഗ്രീൻവിസ നൽകുക. രണ്ടുവർഷവും മൂന്നു വർഷവും മാത്രം ലഭിച്ചിരുന്ന വിസകൾ അഞ്ചുവർഷത്തേക്ക് ലഭിക്കുന്നതിന് വിദഗ്ധ തൊഴിലാളികൾക്ക് ബിരുദ യോഗ്യത ആവശ്യമാണ്.
കമ്പനികളിലെ നിക്ഷേപകർക്കും പാർട്ണർമാർക്കും അഞ്ചുവർഷത്തെ ഗ്രീൻവിസ ലഭിക്കും. യു.എ.ഇയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കും മാനദണ്ഡങ്ങൾക്കു വിധേയമായി അഞ്ചുവർഷത്തെ ഗ്രീൻ വിസ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഭർത്താവ് മരിച്ച യു.എ.ഇ റെസിഡന്റ് വിസക്കാരികൾക്ക് മക്കൾ യു.എ.ഇയിലുണ്ടെങ്കിൽ മാനുഷിക പരിഗണനയിൽ ഗ്രീൻവിസ ലഭിക്കും. ഗ്രീൻവിസക്കാർക്ക് തങ്ങളുടെ വിസാ കാലാവധിയുടെ അത്ര കുടുംബത്തെയും സ്പോൺസർ ചെയ്യാം.
പുതിയ സംവിധാനം നിലവിൽവരുന്നതോടെ എല്ലാ സന്ദർശന വിസക്കാർക്കും ഒരിക്കലോ ഒന്നിലധികം പ്രാവശ്യമോ പ്രവേശനത്തിന് അനുമതിയുണ്ടാകും. ഓരോ വിസയും സമാനമായ കാലയളവിലേക്ക് പുതുക്കാനും 60 ദിവസം വരെ രാജ്യത്ത് തുടരാനും കഴിയും. നിലവിൽ 30 ദിവസമാണ് തുടരാൻ കഴിയുന്നത്. തൊഴിൽ അന്വേഷണ വിസക്ക് സ്പോൺസറോ ഹോസ്റ്റോ ആവശ്യമുണ്ടാകില്ല. പ്രത്യേകം തരംതിരിച്ച തൊഴിൽ വിഭാഗങ്ങളിൽപെട്ടവർക്കും ലോകത്തെ മികച്ച 500 യൂനിവേഴ്സിറ്റികളിലെ ബിരുദധാരികൾക്കുമാണ് തൊഴിൽ അന്വേഷണ വിസ അനുവദിക്കുക.
അതുപോലെ സന്ദർശക വിസയിലുള്ള ഒരാൾ യു.എ.ഇ പൗരന്റെയോ താമസക്കാരന്റെയോ ബന്ധുവോ സുഹൃത്തോ ആണെങ്കിൽ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. ഇതിന് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല. അഞ്ചുവർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസക്കും സ്പോൺസർ ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.