ദുബൈ: പേപ്പർ രഹിത പേമെന്റ് എന്ന സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ദുബൈയിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കും. ഇതനുസരിച്ച് ഇനി വാടക നൽകാൻ ചെക്കുകൾ ഉപയോഗിക്കേണ്ടതില്ല. ദുബൈ ലാന്‍ഡ് ഡിപ്പാർട്മെന്റും (ഡി.എൽ.ഡി) എമിറേറ്റ്സ് എൻ.ബി.ഡിയും ചേർന്നാണ് പുതിയ രീതി നടപ്പാക്കുന്നത്.
പുതിയ സംവിധാനം നിലവിൽ വന്നാൽ വാടകക്കാർക്ക് ചെക്കുകള്‍ മുന്‍കൂട്ടി നൽകേണ്ടി വരില്ല. പണം യു.എ.ഇ സെന്‍ട്രൽ ബാങ്കിന്റെ ഡയറക്ട് ഡെബിറ്റ് സിസ്റ്റം വഴി ഡിജിറ്റലായി കൈമാറാൻ സാധിക്കും. ഇത് വാടകക്കാർക്കും ഉടമകൾക്കും ഒരുപോലെ സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ദുബൈ സർക്കാറിന്റെ പേപ്പർ രഹിത പേമെന്റ് സംവിധാനം എന്ന കാഴ്ചപ്പാടിനൊപ്പം ദുബൈ ടെന്‍ എക്സ് സംരംഭത്തിന്റെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.
ദുബൈയിൽ ആസ്തികൾ വാങ്ങാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്ക് എമിറേറ്റ്സ് എൻ.ബി.ഡിയിൽ നോണ്‍ റസിഡന്റ്സ് സേവിങ്സ് അക്കൗണ്ട് തുടങ്ങാനും അതുവഴി വസ്തുക്കള്‍ വാങ്ങാനും വാടക ഈടാക്കാനും സൗകര്യമുണ്ടാകും. കടലാസ്രഹിത പേമെന്റിനായുള്ള ദുബൈ സർക്കാറിന്റെ വീക്ഷണത്തിന് അനുസരിച്ചാണ് പുതിയ സംരംഭമെന്ന് ഡി.എൽ.ഡി ഡയറക്ടർ ജനറൽ സുൽത്താൻ ബുത്തി ബിൻ മജ്രീൻ പറഞ്ഞു. എമിറേറ്റ്സ് എൻ.ബി.ഡി വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഹിഷാം അബ്ദുല്ല ആൽ ഖാസിം സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.