ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം

എണ്ണയിതര വ്യാപാരം: ഈ വർഷം ലക്ഷം കോടി ദിർഹം കവിഞ്ഞു

ദുബൈ: എണ്ണയിതര മേഖലയിൽ ഈ വർഷം ആദ്യപകുതിയിൽ യു.എ.ഇയുടെ വിദേശ വ്യാപാരം ലക്ഷം കോടി ദിർഹം കവിഞ്ഞു. രാജ്യചരിത്രത്തിൽ ആദ്യമായാണ് എണ്ണയിതര വ്യാപാര മേഖലയിൽ ഇത്രയധികം കുതിപ്പുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്‍റെ വർധനവും രേഖപ്പെടുത്തി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ വർഷം ആദ്യപാദത്തിൽ രാജ്യത്തെ എണ്ണയിതര വിദേശ വ്യാപാരം 500 ശതകോടി ദിർഹമിന് അടുത്തെത്തിയിരുന്നു (499.7 ശതകോടി ദിർഹം). 2021ലെ ഇതേ കാലയളവിൽ 414.6 ശതകോടിയായിരുന്നു വ്യാപാരം. ആദ്യപാദത്തിൽ തന്നെ 20.5 ശതമാനം വളർച്ച നേടിയിരുന്നു. 2019നെ അപേക്ഷിച്ച് 26.3 ശതമാനമാണ് വർധിച്ചത്. ആദ്യപാദത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം ചൈനയുമായിട്ടായിരുന്നു, 57 ശതകോടി ദിർഹം. 46.2 ശതകോടി ദിർഹമുള്ള ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.

മൂന്നാം സ്ഥാനത്തുള്ള സൗദിയുമായി 32.5 ശതകോടി ദിർഹമിന്‍റെ ഇടപാടുകൾ നടന്നു. എണ്ണയിതര വിഭാഗത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം നടന്നത് സ്വർണ ഇടപാടിലാണ്, 84.4 ശതകോടി ദിർഹം. ആകെ വിദേശ വ്യാപാരത്തിന്‍റെ 17 ശതമാനം വരുമിത്. രണ്ടാം സ്ഥാനം ഡയമണ്ടിനാണ് (40 ശതകോടി ദിർഹം). ടെലിഫോൺ ആൻഡ് കമ്യൂണിക്കേഷൻ (40 ശതകോടി ദിർഹം), മിനറൽ ഓയിൽ (24.6 ശതകോടി ദിർഹം), ആഭരണങ്ങൾ (21 ശതകോടി ദിർഹം), കാർ (19.5 ശതകോടി ദിർഹം) എന്നിങ്ങനെയാണ് മറ്റ് വ്യാപാര മേഖലകളിലെ കണക്ക്.

അബൂദബിയിലെ എണ്ണയിതര വിദേശ വ്യാപാരം ഈ വർഷം ആദ്യ പകുതിയിൽ 124 ശതകോടി ദിർഹമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വളർച്ച. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച സുസ്ഥിരമാണെന്നും വ്യാപാരാന്തരീക്ഷം മികച്ചതാണെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ഇവിടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സമാനതകളില്ലാത്തതാണ്. തങ്ങളുടേത് തുറന്ന സാമ്പത്തിക സമീപനമാണ്. നേട്ടങ്ങളുടെ പുതിയ സാമ്പത്തിക വർഷത്തെക്കുറിച്ച് തങ്ങൾ ശുഭാപ്തി വിശ്വാസികളാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Non-Oil Trade: UAE's foreign trade has crossed one lakh crore dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.