ദുബൈ: ഉടമസ്ഥരില്ലാത്ത സമയം റസിഡഷൻഷ്യൽ ഫ്ലാറ്റിൽ മോഷണം നടത്തിയ യുവാവ് സി.സി കാമറയിൽ കുടുങ്ങി. ഒരു ടെലികോം ബ്രാൻഡിന്റെ പ്രചാരണ പോസ്റ്റർ പതിക്കാനെത്തിയ സെയിൽസ്മാനാണ് മോഷണത്തിനിടെ സി.സി കാമറയിൽ പതിഞ്ഞത്. അബൂദബിയിലെ റസിഡൻഷ്യൽ ഏരിയയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. സമീപ വീടുകളിൽ പോസ്റ്റർ പതിച്ച ശേഷം ആളില്ലാത്ത വീട്ടിലെത്തിയ യുവാവ് വീടിനുപുറത്ത് ഒഴിഞ്ഞ കുടിവെള്ള കാനിന്റെ അടിയിൽ സൂക്ഷിച്ച പണപ്പൊതി മോഷ്ടിക്കുകയായിരുന്നു.
കുടിവെള്ള വിതരണക്കാർക്ക് വേണ്ടിയാണ് ഉടമസ്ഥൻ കാലിയായ കാനുകൾക്കൊപ്പം പണവും സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഒഴിഞ്ഞ കാനുകളും പണവുമെടുത്ത് ഞായറാഴ്ചയാണ് ഇവർ പുതിയ കാനുകൾ വിതരണം ചെയ്യാറ്. ഇതു പ്രകാരം ഞായറാഴ്ച രാവിലെയെത്തിയ കുടിവെള്ള വിതരണക്കാരൻ ഭാര്യയോട് മുഴുവൻ പണവും ആവശ്യപ്പെടുകയായിരുന്നു.
ആദ്യം തർക്കിച്ചെങ്കിലും മുഴുവൻ പണവും നൽകേണ്ടിവന്നു. വിവരമറിഞ്ഞ വീട്ടുടമസ്ഥൻ വീട്ടിലെ സി.സി കാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചത്. പണപ്പൊതിയിൽ ഉണ്ടായിരുന്ന അഞ്ച് നോട്ടുകളാണ് മോഷ്ടിച്ചത്. കുറച്ച് കോയിനുകൾ മാത്രമാണ് ബാക്കിവെച്ചത്. തുടർന്ന് വിവരം സെക്യൂരിറ്റിയെ അറിയിച്ചു. ഇദ്ദേഹം പോസ്റ്ററിലുണ്ടായിരുന്ന നമ്പറിൽ വിളിച്ചെങ്കിലും തന്റെ ജീവനക്കാരൻ അത്തരത്തിൽ പ്രവർത്തിക്കില്ലെന്നായിരുന്നു കമ്പനിയിൽനിന്ന് ലഭിച്ച മറുപടി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സമാന സംഭവം പലയിടങ്ങളിലും നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. പണം പോയതിലല്ല, ഇത്തരം സംഭവങ്ങൾ തന്നെ ഞെട്ടിച്ചതായി ഉടമസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.