ദുബൈ: 2033ഓടെ ദുബൈ നഗരത്തിലെ പാർക്കിങ് സ്ഥലങ്ങളുടെ ആവശ്യം നിലവിലുള്ളതിന്റെ 60 ശതമാനം വർധിക്കുമെന്ന് ‘പാർക്കിൻ’ കമ്പനി. ഐ.പി.ഒ വിൽപന പ്രഖ്യാപിച്ചതിനുശേഷമാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്. ഈ ആവശ്യങ്ങൾ പരിഗണിച്ച് എമിറേറ്റിൽ എല്ലായിടത്തും കൂടുതൽ പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾ നിർമിക്കും. അതോടൊപ്പം താരിഫ് ഒപ്റ്റിമൈസേഷൻ ഫലപ്രദമായി നടപ്പാക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിലെ വാഹന പാർക്കിങ് സൗകര്യം അടിസ്ഥാനമാക്കി സാധാരണ നിരക്കുള്ള സോണുകളെ ‘പ്രീമിയം’ ആയി തരംതിരിക്കുന്നതാണിത്. ഇതുവഴി പ്രീമിയം സോണുകൾക്ക് ഉയർന്ന പാർക്കിങ് ഫീസ് ഈടാക്കും.
സ്വകാര്യ നിർമാതാക്കളുമായി കൂടുതൽ കരാറുകളുണ്ടാക്കി പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണം കമ്പനിക്കു കീഴിൽ കൊണ്ടുവരുകയും ചെയ്യും. അതേസമയം, നിലവിൽ സൗജന്യമായ എല്ലാ പാർക്കിങ് സ്ഥലങ്ങളും ആ രീതിയിൽ തുടരും. ഇവ പെയ്ഡ് പാർക്കിങ്ങുകളാക്കുന്ന കാര്യത്തിൽ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) തീരുമാനമെടുക്കേണ്ടതെന്നും അധികൃതർ വെളിപ്പെടുത്തി. ഓരോ മേഖലയും വളരുന്നതിനനുസരിച്ച് പെയ്ഡ് പാർക്കിങ് സേവനം നടപ്പാക്കുന്നതിനും വിപുലീകരിക്കുന്നതിനും ആവശ്യമായ നടപടികൾ പഠിക്കുമെന്നും കമ്പനി വെളിപ്പെടുത്തി. 49 വർഷത്തേക്ക് പെയ്ഡ് പാർക്കിങ് മേഖലകൾ ഓപറേറ്റ് ചെയ്യാനുള്ള കരാറാണ് ‘പാർക്കിൻ’ കമ്പനിയും ആർ.ടി.എയും തമ്മിലുള്ളത്.
കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 1.97 ലക്ഷം പാർക്കിങ് സ്ഥലങ്ങളാണ് കമ്പനി ഓപറേറ്റ് ചെയ്യുന്നത്. ഈ പാർക്കിങ് സ്ഥലങ്ങളിലെ പിഴകൾ ചുമത്തുന്നതും വാങ്ങുന്നതും അടക്കമുള്ള പ്രവർത്തനങ്ങളും കമ്പനിയുടെ ഉത്തരവാദിത്തമാണ്. നിലവിൽതന്നെ കമ്പനിയുടെ 23 ശതമാനം വരുമാനവും പിഴകളിൽനിന്നും മറ്റുമാണ്. യു.എ.ഇ വാഹനങ്ങൾക്ക് ചുമത്തിയ പിഴകളിൽ 99 ശതമാനവും കഴിഞ്ഞ വർഷം പിരിച്ചെടുത്തിട്ടുണ്ട്. സ്മാർട്ട് പാർക്കിങ് പരിശോധന സ്കാൻ കാറുകളും സ്മാർട്ട് പാർക്കിങ് സ്ഥലങ്ങളും സജ്ജീകരിച്ച് നിരീക്ഷണവും പിഴ ചുമത്തലുമെല്ലാം കമ്പനി ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. കമ്പനിയുടെ വരുമാനത്തിന്റെ 56 ശതമാനവും പാർക്കിങ്ങിൽനിന്നുള്ള പണമിടപാടിൽനിന്നാണ്. പാർക്കിനിന്റെ വരുമാനത്തിന്റെ 17 ശതമാനവും സീസൺ കാർഡുകൾ, പെർമിറ്റുകൾ, റിസർവേഷൻ സേവനങ്ങൾ എന്നിവയിൽനിന്നുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.