ദുബൈ: എമിറേറ്റിലെ സ്വകാര്യ മേഖലയിലെ കമ്പനികളെ ആഗോള തലത്തിൽ വളർത്തിയെടുക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഇന്റർനാഷനൽ ചേംബർ. ഈ വർഷം ആദ്യം പ്രഖ്യാപിച്ച ‘പുതിയ ചക്രവാളങ്ങൾ’ എന്ന പേരിലെ പദ്ധതിയുടെ ഭാഗമായാണ് 100 ബിസിനസുകളെ ഉയർത്താനുള്ള പദ്ധതി രൂപപ്പെടുത്തിയത്. ദുബൈ ചേംബർ ആസ്ഥാനത്ത് വിളിച്ചുചേർത്ത മെംബർ കമ്പനികളുടെ പ്രതിനിധികളുടെ പ്രത്യേക യോഗത്തിലാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്.
മധ്യേഷ്യ, യു.കെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി ഈ വർഷം നടത്തിയ വ്യാപാരയാത്രകളുടെ വിവരങ്ങളും യോഗത്തിൽ പങ്കുവെച്ചു. ഏഷ്യ, യൂറോപ്പ്, കിഴക്കൻ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ബിസിനസ് സാധ്യതകൾ കണ്ടെത്തുന്നതിന് ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതികളും യോഗത്തിൽ വിശദീകരിച്ചു. ആസിയാൻ രാജ്യങ്ങൾ, തുർക്കിയ, ആഫ്രിക്കൻ വിപണികൾ എന്നിവിടങ്ങളെ ലക്ഷ്യമാക്കിയാണ് പ്രധാനമായും ഭാവിയിലെ പദ്ധതികൾ രൂപപ്പെടുത്തിയിരിക്കുന്നത്.
ലോകത്താകമാനമുള്ള വിപണികളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന് അംഗങ്ങളെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ദുബൈ ചേംബേഴ്സ് സി.ഇ.ഒയും പ്രസിഡന്റുമായ മുഹമ്മദ് അലി റാശിദ് ലൂത്ത പറഞ്ഞു. എണ്ണയിതര വ്യാപാരം 2026ഓടെ രണ്ടു ലക്ഷം കോടി ഡോളറിലേക്ക് എത്തിക്കാനുള്ള ദുബൈയുടെ ലക്ഷ്യത്തിന് അനുസരിച്ചാണ് പദ്ധതി വികസിപ്പിച്ചത് -അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബകിസ്താൻ, കസാഖ്സ്താൻ, കിർഗിസ്താൻ എന്നിവിടങ്ങളിൽ മാർച്ചിൽ റോഡ്ഷോ ഒരുക്കിയിരുന്നു.
ദുബൈ ചേംബേഴ്സിന് കീഴിലെ മൂന്നു ചേംബറുകളിൽ ഒന്നാണ് ദുബൈ ഇന്റർനാഷനൽ ചേംബർ. അന്താരാഷ്ട്ര തലത്തിൽ ബിസിനസ് വ്യാപനത്തിന് അംഗങ്ങളെ സഹായിക്കുന്നത് കൂട്ടായ്മയുടെ പ്രധാന അജണ്ടയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.