ദുബൈ: കുറ്റകൃത്യങ്ങൾക്കും അപകടങ്ങൾക്കും ഇരയാകുന്നവർക്ക് പിന്തുണ നൽകാൻ പദ്ധതിയുമായി ദുബൈ പൊലീസ്. ഇതിനായി പൊലീസിെൻറ വിക്ടിം സപ്പോർട്ട് വിഭാഗം വിപുലീകരിച്ചു. എമിറേറ്റിലുടനീളമുള്ള പൊലീസ് സ്റ്റേഷനുകളുമായി ചേർന്ന് സഹായം ആവശ്യമുള്ളവരെ കണ്ടെത്തിയായിരിക്കും പ്രവർത്തനം. സുരക്ഷ ഉദ്യോഗസ്ഥരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും നേതൃത്വത്തിലായിരിക്കും പ്രവർത്തനം.
ഇരകളെ പിന്തുണക്കുന്ന പദ്ധതി 2004 മുതൽ നടപ്പാക്കിയിരുന്നു. ഇത് കൂടുതൽ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. ഏഴ് ദിവസത്തിനുള്ളിൽ 90 ശതമാനം ഇരകളിലേക്കും എത്തിപ്പെടാനാണ് ലക്ഷ്യം. ഇവർക്ക് മാനസികവും സാമൂഹികവുമായ മാർഗനിർദേശം നൽകുകയും കരുത്തേകുകയും ചെയ്യുമെന്ന് ക്രിമിനൽ ഇൻെവസ്റ്റിഗേഷൻ ഡയറക്ടർ ജമാൽ സാലിം അൽ ജല്ലഫ് പറഞ്ഞു.
കഴിഞ്ഞ വർഷം മരിച്ച 153 പേരുടെ കുടുബങ്ങൾക്ക് പദ്ധതി പിന്തുണ നൽകി. കുട്ടികളുമായി ബന്ധപ്പെട്ട് 614 പേർക്ക് സഹായം നൽകി. വർഷങ്ങളായി വിഷാദരോഗത്തിനടിപ്പെട്ട് ജീവനൊടുക്കാൻ തീരുമാനിച്ച ബ്രിട്ടീഷ് പൗരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിഞ്ഞു. ഇയാളുമായി നേരിട്ട് ആശയവിനിമയം നടത്താൻ സൈക്കോളജിസ്റ്റിനെ നിയോഗിച്ചു.ആത്മഹത്യ ചിന്തകളിൽ നിന്ന് കരകയറാൻ കഴിയുന്ന രീതിയിലേക്ക് അവരെ മാറ്റിയെടുക്കാൻ പൊലീസിന് കഴിയുന്നുണ്ട്. ദുരിതത്തിലായ ബ്രിട്ടീഷ് യുവതിയെ രക്ഷിച്ച സംഭവവും പൊലീസ് വിവരിച്ചു. ഭർത്താവിന് ബാങ്ക് വായ്പ നൽകാൻ സഹായിച്ചതോടെയാണ് ഇവർ കുടുങ്ങിയത്. ഇവരെ വഞ്ചിച്ച് ഭർത്താവ് മുങ്ങിയതോടെ 2014 മുതൽ ഇവർ രാജ്യം വിടാൻ കഴിയാത്ത അവസ്ഥയിലെത്തി. വിക്ടിം സപ്പോർട്ട് വിഭാഗത്തിൽ അഭയം തേടിയ യുവതിയെ പൊലീസ് സഹായിക്കുകയും കേസ് എഴുതിത്തള്ളാൻ ബാങ്ക് അനുമതി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.