ദുബൈ: ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകാൻ ആരംഭിച്ചതായി ദുബൈ ആരോഗ്യ വകുപ്പ് (ഡി.എച്ച്.എ) അറിയിച്ചു.ഗർഭിണികളെ വാക്സിൻ സ്വീകരിക്കാവുന്നവരിൽ ഉൾപ്പെടുത്തിയത് അവർക്ക് ഏറെ ഗുണപ്രദമാണെന്ന് ലത്തീഫ ആശുപത്രി സി.ഇ.ഒ ഡോ. മുന തഹ്ലക് പറഞ്ഞു.
ഡി.എച്ച്.എയുടെ എല്ലാ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച മുതൽ കുത്തിവെപ്പ് ലഭ്യമാണ്. പുതിയ വിഭാഗം ആളുകളെ വാക്സിൻ മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് മുഴുവൻ പേരെയും സുരക്ഷിതരാക്കാനാണെന്നും ഡോ. മുന പറഞ്ഞു. ഡി.എച്ച്.എ ആപിലൂടെയോ 800342എന്ന വാട്സ്ആപ് നമ്പറിലൂടെയോ മുൻകൂർ ബുക്ക് ചെയ്താണ് കുത്തിവെപ്പിന് എത്തേണ്ടത്.
ഫൈസർ വാക്സിനാണ് എമിറേറ്റിലെ ഗർഭിണികൾക്കുള്ളത്. ആരോഗ്യപരമായ പ്രയാസം അനുഭവിക്കുന്നവർ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ അനുവാദം തേടിയ ശേഷമാണ് വാക്സിനെടുക്കേണ്ടത്. ഗർഭകാലം 13 ആഴ്ച പിന്നിട്ടവർക്കാണ് വാക്സിൻ നൽകുകയെന്നും അധികൃതർ അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ ഗർഭിണികളിൽ കോവിഡ് പ്രസവ സംബന്ധമായ സങ്കീർണതയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
സുരക്ഷിതമായ രൂപത്തിൽ വാക്സിൻ സ്വീകരിക്കുന്നതിലൂടെ അമ്മക്കും കുഞ്ഞിനും പ്രയാസങ്ങളുണ്ടാവില്ലെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.