ദുബൈ: ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അബൂദബി ആരോഗ്യ വകുപ്പുമായി സഹകരിച്ച് മാർച്ചോടെ ആകെ ജനസംഖ്യയുടെ പകുതി പേർക്കും കോവിഡ് വാക്സിൻ നൽകും.
ഇതിന് രാജ്യത്തുടനീളം 218 ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കുന്നു.
എല്ലാ കേന്ദ്രങ്ങളിലും സൗജന്യമായി വാക്സിൻ ലഭ്യമാക്കും. പ്രതിരോധശേഷി വർധിപ്പിക്കാനും എല്ലാവിഭാഗം ജനങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള ദേശീയ വാക്സിനേഷൻ കാമ്പയിനെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഡ്രൈവ്-ത്രൂ ടെസ്റ്റിങ് സെൻററുകളിലും വാക്സിൻ ലഭ്യമാക്കും. അബൂദബിയിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾ അബൂദബി ഹെൽത്ത് കെയർ സർവിസസ് (സെഹ) നിയന്ത്രിക്കും. എല്ലാ പൗരന്മാർക്കും 16 വയസ്സിന് മുകളിലുള്ള താമസക്കാർക്കും വാക്സിൻ സ്വീകരിക്കാം.
'കോവിഡ് വ്യാപനം തടയാനും സമൂഹത്തിെൻറ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുമുള്ള സുരക്ഷിതവും ഫലപ്രദവുമായ മാർഗമാണ് കുത്തിവെപ്പ്. മികവാർന്ന നേതൃത്വത്തിെൻറ മാർഗനിർദേശവും പിന്തുണയും അനുസരിച്ച് പ്രതിരോധ കുത്തിവെപ്പ് വിജയിപ്പിക്കാനും കോവിഡിൽനിന്നും വേഗം സുഖം പ്രാപിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ രോഗ പ്രതിരോധമന്ത്രി അബ്ദുറഹ്മാൻ മുഹമ്മദ് അൽ ഒവൈസ് പറഞ്ഞു.
രണ്ടു ഡോസുകൾ അടങ്ങിയതാണ് വാക്സിൻ. ആദ്യത്തേത് ആരോഗ്യ വിലയിരുത്തലിനുശേഷം തന്നെ നൽകും. രണ്ടാമത്തേത് 21-28 ദിവസങ്ങൾക്ക് ശേഷമാകും നൽകുന്നത്. ജനുവരി 19 വരെ യു.എ.ഇയിൽ 20,65,367 ഡോസ് കോവിഡ് വാക്സിനുകളാണ് നൽകിയത്.
തങ്ങളെയും രാജ്യത്തിെൻറ പൊതുആരോഗ്യവും സംരക്ഷിക്കാൻ മടികൂടാതെ വാക്സിൻ തെരഞ്ഞെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതായി അബൂദബി ആരോഗ്യവകുപ്പ് ചെയർമാൻ ശൈഖ് അബ്ദുല്ല അൽ ഹമീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.