റമദാന്‍റെ വിശുദ്ധി ചോരാതെ വിനോദ സഞ്ചാരം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമായ ഇടമാണ് ദുബൈയിലെ ഖുർആനിക് പാർക്ക്. കുടുംബ സമേതം ഒരുമിച്ച് കൂടാനും നോമ്പുതുറക്കാനും കാഴ്ചകൾ കാണാനും ഇസ്ലാമിനെ കുറിച്ചറിയാനും ഖുർആൻ വചനങ്ങൾ കേൾക്കാനുമുള്ള വേദി കൂടിയാണിത്. സദാസമയം ഖുർആൻ വചനങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിൽ മനസിന് ശാന്തിയേകാനും ആത്മീയ ചിന്തകളിൽ മുഴുകാനും അവസരമൊരുക്കുന്ന ശാന്തസുന്ദരമായ സ്ഥലം. വൈകുന്നേരങ്ങളിൽ കുടുംബ സമേതം ഭക്ഷണവുമായെത്തി നോമ്പുതുറന്ന് മടങ്ങുന്നവരും കുറവല്ല.
ഖുർആന്‍റെ സന്ദേശം ലോകത്തിന് പകർന്ന് നൽകാൻ ആരംഭിച്ച നിരവധി സംരംഭങ്ങളിൽ ഒന്നാണ് ഖുർആനിക് പാർക്ക്. ഖവാനീജിലെ 60 ഹെക്ടറിൽ 2019 മാർച്ചിലാണ് പാർക്ക് തുറന്നത്. എല്ലാ മതത്തിലുമുള്ളവർ എത്തുന്നു എന്നതാണ് പ്രത്യേകത. ഇതര മതസ്ഥർക്ക് ഇസ്ലാമിനെ കുറിച്ചും ഖുർആനെ കുറിച്ചും കൂടുതൽ അറിയാൻ പാർക്ക് സഹായിക്കും. പ്രവാചക ചരിതം പറയുന്ന ഗുഹ, ഖുർആനിലെ സസ്യങ്ങൾ പരിചയപ്പെടുത്തുന്ന ഗ്ലാസ് ഹൗസ് തുടങ്ങിയവ ഇവിടെ കാണാം. മനുഷ്യരെ ദൈവാനുഗ്രഹങ്ങളെ കുറിച്ച് ഓർമിപ്പിക്കുന്ന വചനങ്ങൾ സദാസമയം ഇവിടെ മുഴങ്ങിക്കൊണ്ടിരിക്കും. ഖുർആനെ കുറിച്ച് ഗവേഷണം നടത്തുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ് ഖുർആനിക് പാർക്ക്. പ്രവേശനം സൗജന്യമാണ്. എന്നാൽ, പാർക്കിനുള്ളിലെ ഗ്ലാസ് ഹൗസിലും ഗുഹയിലും പ്രവേശിക്കണമെങ്കിൽ അഞ്ച് ദിർഹം വീതം നൽകണം. ആർ.ടി.എയുടെ നോൾകാർഡ് ഉപയോഗിച്ചും പണം അടക്കാം. രാത്രി ഒമ്പത് വരെയാണ് പ്രവർത്തനം. ആദ്യ വർഷം മാത്രം 10 ലക്ഷം പേർ ഇവിടെയെത്തി.
പ്രവാചക ചരിതം
പ്രവാചകൻമാരുടെ ജീവിതത്തിലെ അത്ഭുത കൃത്യങ്ങളെ കുറിച്ച് വിവരിക്കുന്ന ഗുഹ ഇവിടെ കാണാം. ഏഴ് പ്രവാചകൻമാരുടെ ചരിത്രം പറയുന്ന ഗുഹയാണിത്. ഇരുൾ നിറഞ്ഞ ഗുഹയിൽ പ്രൊജക്ടർ ഉപയോഗിച്ചാണ് ചരിത്രം പറഞ്ഞുതരുന്നത്. പ്രവാചകൻമാരുമായി ബന്ധപ്പെട്ട ഏഴ് വിസ്മയങ്ങൾ ഇവിടെ പരിചയപ്പെടാം. സുലൈമാൻ നബിയുടെ സന്ദേശവുമായി കുഴുകുത്തി പക്ഷി ബൽക്കീസ് രാജ്ഞിക്കരികിലേക്ക് പറന്നതും മുഹമ്മദ് നബി ചന്ദ്രനെ രണ്ടായി പിളർത്തിയതുമെല്ലാം സ്ക്രീനിൽ ചരിത്രമായി തെളിയും. സംശയങ്ങളുണ്ടെങ്കിൽ പറഞ്ഞുതരാൻ ഗൈഡുകളുമുണ്ട്.
ഖുർആനിൽ പരാമർശിച്ച തടാകം ഖുർആനിക് പാർക്കിൽ പ്രതീകാത്മകമായി ഒരുക്കിയിട്ടുണ്ട്. ഫിർഅൗന്‍റെ സൈന്യം വളഞ്ഞപ്പോൾ മൂസാ നബി കൈയിലുണ്ടായിരുന്ന വടികൊണ്ട് രണ്ടായി പിളർത്തിയ തടാകമാണ് പ്രതീകാത്മകമായി സൃഷ്ടിച്ചിരിക്കുന്നത്.
പ്രകൃതിയെ അടുത്തറിയാൻ
വിശുദ്ധ ഖുർആനിൽ പരാമർശിക്കുന്ന 29 സസ്യങ്ങളാണ് ഗ്ലാസ് ഹൗസിൽ ഒരുക്കിയിരിക്കുന്നത്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത കൂറ്റൻ ഗ്ലാസ് ഹൗസിൽ ഇവയെ നട്ടുനനച്ച് പരിപാലിക്കുകയാണ്. ഹദീസിൽ പരാമർശിക്കുന്ന ചെടികളും പഴങ്ങളുമെല്ലാം ഇവിടെ കാണാം. ഒലീവ്, ചോളം, വെളുത്തുള്ളി, സവാള, ബാ൪ലി, ഗോതമ്പ്, ഇഞ്ചി, മത്തങ്ങ, തണ്ണിമത്തൻ, ഏത്തപ്പഴം, കക്കരി തുടങ്ങിയവയെല്ലാം ഇതിലുണ്ട്. ഈ സസ്യങ്ങളെല്ലാം എന്തുകൊണ്ടാണ് ഖു൪ആനിൽ പരാമ൪ശിക്കപ്പെട്ടത് എന്ന് സന്ദ൪ശക൪ക്ക് മനസിലാക്കാവുന്ന രീതിയിലാണ് സജ്ജീകരണം. അതിനാൽ തന്നെ, റമദാനിൽ കണ്ടിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട കേന്ദ്രമാണ് ഖുർആനിക് പാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.