ദുബൈ: റമദാന് മുന്നോടിയായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും പൊതുമാപ്പ് പ്രഖ്യാപിച്ചു. വിവിധ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 540 തടവുകാരെ മോചിപ്പിക്കാനാണ് ശൈഖ് ഖലീഫ ഉത്തരവിട്ടിരിക്കുന്നത്. മാനുഷിക പരിഗണനവെച്ചും ക്ഷമയുടെയും സഹിഷ്ണുതയുടെയും പ്രതിഫലനമെന്ന നിലയിലുമാണ് നടപടിയെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
മാപ്പ് ലഭിച്ച തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അതിലൂടെ കുടുംബങ്ങളുടെ പ്രയാസം ലഘൂകരിക്കാനും അവസരം നൽകുകയും നടപടിയുടെ ലക്ഷ്യമാണ്.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 659 പേർക്കാണ് മാപ്പുനൽകി ഉത്തരവിട്ടിരിക്കുന്നത്. കുറ്റവാളികൾക്ക് രണ്ടാമതൊരു ശരിയായ ജീവിതം കെട്ടിപ്പടുക്കാനും കുടുംബങ്ങളുമായി സന്ധിക്കാനും അവസരമൊരുക്കാനാണ് നടപടിയെന്ന് ദുബൈ അറ്റോണി ജനറൽ ഇസ്സാം ഇസ്സ അൽ ഹുമൈദാൻ പ്രസ്താവനയിൽ പറഞ്ഞു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും റമദാന് മുന്നോടിയായി 210 തടവുകാർക്ക് മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിശുദ്ധ ദിനങ്ങളിൽ തടവുകാരുടെ കുടുംബങ്ങളിൽ സന്തോഷമുണ്ടാകുന്നത് ലക്ഷ്യം വെച്ചാണ് നടപടിയെന്നും ഇതിന് ശൈഖ് സുൽത്താന് നന്ദിയും കടപ്പാടും അറിയിക്കുന്നതായും ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ശംസി പ്രസ്താവനയിൽ പറഞ്ഞു. 345 തടവുകാര്‍ക്ക് മാപ്പ് നല്‍കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയും നിർദേശം നൽകി. പുണ്യമാസത്തില്‍ പുതുജീവിതം ആരംഭിക്കാനും കുടുംബങ്ങള്‍ക്ക് ആഹ്ലാദിക്കാനും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പൊതുമാപ്പ് നല്‍കിയ തടവുകാരെ വേഗത്തില്‍ വിട്ടയക്കാന്‍ റാസല്‍ഖൈമ കിരീടവകാശിയും ജുഡീഷ്യല്‍ കൗണ്‍സില്‍ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സഊദ് നിയമപാലകരോടാവശ്യപ്പെട്ടു.
വിവിധ കുറ്റങ്ങളില്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്ക് സമൂഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കാനും കൂടപ്പിറപ്പുകള്‍ക്കും സുഹൃത്തുക്കള്‍ക്കും സന്തോഷം നല്‍കുന്നതുമാണ് ശൈഖ് സഊദിന്റെ നടപടിയെന്ന് റാസല്‍ഖൈമയിലെ അറ്റോണി ജനറല്‍ ഹസന്‍ സഈദ് മഹ്മൂദ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.