ദുബൈ: മഹാമാരിയുടെ ഭയപ്പാടിൽ നിന്ന് മുക്തി നേടിയ വിദ്യാഭ്യാസ മേഖലയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തി 'ഗൾഫ് മാധ്യമം' എജുകഫേക്ക് ഞായറാഴ്ച തുടക്കം. യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തുറക്കുകയും പാഠ്യേതര പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഒാരോ ദിവസവും രജിസ്ട്രേഷൻ കുതിച്ചുയരുകയാണ്. ദുബൈ ഇത്തിസാലാത്ത് അക്കാദമിയിലെ വിശാലമായ വേദിയിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് സജ്ജീകരണങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. വിദ്യാർഥികളുടെ സുരക്ഷക്ക് മുഖ്യപ്രാധാന്യം നൽകിയാണ് മേളനഗരിയിലെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. മിഡ്ൽ ഇൗസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫേ തിങ്കളാഴ്ച സമാപിക്കും.
രണ്ട് വർഷമായി ആശങ്കയുടെ നിഴലിൽ നിന്നിരുന്ന വിദ്യാഭ്യാസ മേഖല ആത്മവിശ്വാസത്തോടെ തിരിച്ചുവരുന്ന സമയമാണിത്. ക്ലാസ് മുറികൾ സജീവമായിക്കഴിഞ്ഞു. കല, കായിക പരിപാടികൾ വീണ്ടും തുടങ്ങി. ഗണിത, ശാസ്ത്ര പ്രദർശനങ്ങൾ ആരംഭിച്ചു. ജീവിതത്തിലെ സുപ്രധാനമായ രണ്ട് വർഷം 'നഷ്ടപ്പെട്ട' വിദ്യാർഥികളെ തിരികെയെത്തിക്കുന്നതിനായുള്ള സജീവ ശ്രമങ്ങളിലാണ് വിദ്യാലയങ്ങളും അധ്യാപകരും രക്ഷിതാക്കളും. ഇൗ സാഹചര്യത്തിൽ എജുകഫേയുടെ പ്രാധാന്യം ഏറുകയാണ്. വിദ്യാർഥികളുടെ മനസറിഞ്ഞുള്ള പ്രചോദന പ്രഭാഷണങ്ങളും ഭാവിയിലേക്ക് വിരൽചൂണ്ടുന്ന മാർഗനിർദേശങ്ങളും വിദ്യാർഥികൾക്ക് പുറമെ അധ്യാപകരും രക്ഷിതാക്കളും തീർച്ചയായും കേട്ടിരിക്കേണ്ടതാണ്. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ പദ്ധതികൾ വിശദീകരിക്കുന്ന സ്റ്റാളുമായി മേളയിലുണ്ടാവും. പെങ്കടുക്കുന്നവർക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യൻ ദേശീയ ബാഡ്മിൻറൺ ടീമിെൻറ ചീഫ് കോച്ച് പുല്ലേല ഗോപിചന്ദ്, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവരുടെ സാന്നിധ്യം എജുകഫേക്ക് തിളക്കമേകും. ആദ്യ ദിവസമായ നാളെ പ്രശസ്ത മജീഷ്യൻ ദയയുടെ മാജിക് ഷോയും ഉണ്ടാകും. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് myeducafe.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.