ദുബൈ: ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷമാക്കി യു.എ.ഇയിലെ പ്രവാസികൾ. അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈയിലെ കോൺസുലേറ്റിലും വിവിധ ഇന്ത്യൻ പ്രവാസി സംഘടനാ ആസ്ഥാനങ്ങളിലും വർണാഭമായ ആഘോഷം നടന്നു. റിപ്പബ്ലിക് ദിനത്തിൽ യു.എ.ഇ രാഷ്ട്രനേതാക്കൾ ഇന്ത്യക്കും ഇന്ത്യൻ ജനതക്കും അഭിനന്ദനം അറിയിച്ചു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് മൻസൂർ ബിൻ സായിദ് എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണ് അഭിനന്ദന സന്ദേശമയച്ചത്.
രാവിലെ അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ സഞ്ജയ് സുധീർ ദേശീയ പതാക ഉയർത്തി. രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ആഘോഷത്തിന് നേതൃത്വം നൽകിയത്. കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ 250 സന്നദ്ധപ്രവർത്തകർ ദുബൈ ഹെൽത്ത് അതോറിറ്റിയിൽ രക്തദാനവും നിർവഹിച്ചു.
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയിലും ഷാർജ ഇന്ത്യൻ സ്കൂൾ, അൽ ഇബ്തിസാമ സ്കൂൾ എന്നിവിടങ്ങളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നു.
അസോസിയേഷനിൽ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കൗൺസൽ ഉത്തം ചന്ദ് ദേശീയ പതാക ഉയർത്തി. പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. ദുബൈ ഇന്ത്യൻ കോൺസുലേറ്റും ഷാർജ ഇന്ത്യൻ അസോസിയേഷനും ചേർന്ന് തൊഴിലാളികൾക്ക് പ്രഭാത ഭക്ഷണം കിറ്റുകൾ വിതരണം ചെയ്തു.
ഷാർജ ഇന്ത്യൻ സ്കൂളിലും അൽ ഇബ്തിസാമ സ്കൂളിലും അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പതാക ഉയർത്തി. ദ്വാരക ന്യൂഡൽഹി പ്രിൻസിപ്പലും സി.ബി.എസ്.ഇ മാസ്റ്റർ ട്രെയിനറുമായ ഡോ. മനീഷ ഷർമ മുഖ്യാതിഥിയായിരുന്നു.
വിവിധയിടങ്ങളിൽ നടന്ന ചടങ്ങുകളിലായി ജോ. ജനറൽ സെക്രട്ടറി ജിബി ബേബി, ജോ. ട്രഷറർ പി.കെ. റജി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.കെ. താലിബ്, അനീഷ് എൻ.പി, പ്രഭാകരൻ പയ്യന്നൂർ, മുരളീധരൻ ഇടവന, സജി മണപ്പാറ, ജെ.എസ്. ജേക്കബ്, യൂസഫ് സഹീർ, നസീർ കുനിയിൽ, സ്കൂൾസ് സി.ഇ.ഒ കെ.ആർ. രാധാകൃഷ്ണൻ നായർ, പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, വൈസ് പ്രിൻസിപ്പൽമാരായ രാജീവ് മാധവൻ, ഷിഫ്ന നസ്റുദ്ദീൻ അൽ ഇബ്തിസാമ പ്രിൻസിപ്പൽ ഇർഷാദ് ആദം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.