സി.എച്ച്. അ​ബൂ​ബ​ക്ക​ർ

ധന്യമായ പ്രവാസജീവിതം; സി.എച്ച്. അബൂബക്കറിന് കടവത്തൂർ ഗ്രാമത്തിലേക്ക് മടക്കം

ദുബൈ: ധന്യമായ പ്രവാസജീവിതത്തിന് വിരാമമിട്ട് സി.എച്ച്. അബൂബക്കർ ജന്മനാടായ കടവത്തൂരിലേക്ക് മടങ്ങുന്നു. യു.എ.ഇയിലെ സാമൂഹിക, സാംസ്കാരിക, സംരംഭക, ജീവകാരുണ്യ രംഗത്ത് തന്‍റെ പേര് എഴുതിച്ചേർത്താണ് അബൂബക്കറിന്‍റെ മടക്കം. അൽ മദീന ഗ്രൂപ്പ് സൂപ്പർ മാർക്കറ്റ് മാർക്കറ്റിങ് മാനേജർ സ്ഥാനം ഒഴിഞ്ഞാണ് ഗൾഫ് ജീവിതത്തോട് യാത്രപറയുന്നത്.

1996ൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്നാണ് സ്ഥിരം വിസയിൽ ദുബൈയിൽലെത്തുന്നത്. മേയ് പത്തിന് മടങ്ങുന്നതാവട്ടെ, പദ്ധതി പങ്കാളിത്തമുള്ള കണ്ണൂർ ഇന്‍റർനാഷനൽ എയർപോർട്ട് വഴിയും. ഫാറൂഖ് കോളജിലെ കാമ്പസ് ദിനങ്ങൾ ധന്യമാക്കിയ അനുഭവങ്ങൾ കോർത്തിണക്കിയാണ് ദുബൈയിലെ പൊതുജീവിതം സജീവമാക്കിയത്. ഫറൂഖ് കോളജിലെ പൂർവവിദ്യാർഥി സംഘടനയായ ഫോസ ദുബൈ ചാപ്റ്ററുമായുള്ള ബന്ധം ജീവകാരുണ്യ പ്രവർത്തനങ്ങളിലും വാർത്താമാധ്യമ ബന്ധങ്ങളിലും സജീവ സാന്നിധ്യമാക്കി. കോളജ് കാമ്പസ് ഡയാലിസിസ് സെന്‍ററിന് ഫോസ സംഘാടകരോടൊപ്പം സജീവമായി.

ചരിത്രാന്വേഷണ കുതുകി ആയതിനാൽ യു.എ.ഇ ഉൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങളിലെയും മ്യൂസിയങ്ങൾ പലപ്രാവശ്യം സന്ദർശിക്കുകയും മേഖലയിലെ സാമ്പത്തിക, രാഷ്ട്രീയ അവസ്ഥയെ ചരിത്രപരമായി വിലയിരുത്തി മാധ്യമങ്ങളിൽ എഴുതാറുമുണ്ട്. ഫോസ, പാനൂർ എൻ.ആർ.ഐ, പ്രവാസി ഇന്ത്യ, ഐ.ബി.സി, എം.പി.സി.സി കൂട്ടായ്മകളുടെ ഭാരവാഹിയാണ്. സാമ്പത്തിക ശാസ്ത്ര ബിരുദധാരി എന്ന നിലയിൽ ദുബൈയുടെ സാമ്പത്തിക മാറ്റങ്ങളിൽ താൽപര്യത്തോടെ വീക്ഷിച്ചു. 2005 നു ശേഷമുണ്ടായ സാമ്പത്തിക ഉണർവ്, വാറ്റും പെട്രോളിയം വില വർദ്ധനവും, ഭക്ഷ്യവസ്തു വില കയറ്റം തുടങ്ങിയവയെല്ലാം അദ്ദേഹം വിലയിരുത്തി കുറിപ്പുകൾ എഴുതിയിരുന്നു.

സ്വദേശി, വിദേശി, ജാതി- മത ഭേദമന്യേ വേർതിരിവില്ലാത്ത യു.എ.ഇയുടെ നയമാണ് അബൂബക്കറിനെ ഏറ്റവുമധികം ആകർഷിച്ചത്. പ്രവാസികളെ ചേർത്തുപിടിക്കാൻ മേഖലയിലെ ഭരണാധികാരികൾ കാണിക്കുന്ന ജാഗ്രത ലോകത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. കണ്ണൂർ എയർപോർട്ട് പദ്ധതി പങ്കാളിത്തം സാധാരണക്കാർക്ക് എന്ന ലക്ഷ്യത്തോടെ മറ്റു പ്രാദേശിക കൂട്ടായ്മകൾക്കൊപ്പം പാനൂർ എൻ.ആർ.ഐ അസോസിയേഷൻ നടത്തിയ ശ്രമങ്ങളിലും അദ്ദേഹം മുഖ്യപങ്കാളിയായി.

നാട്ടിലേക്ക് മടങ്ങിയാലും വിശ്രമിക്കാൻ ഉദ്ദേശ്യമില്ല. വ്യവസായം, ജൈവ കൃഷി, പൗൾട്രി, ക്ഷീരവ്യവസായം, അക്വാ കൾച്ചർ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതാണ് ലക്ഷ്യം.

Tags:    
News Summary - Returning home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.