ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പ് കുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്കിൽ റെക്കോർഡ് കുതിപ്പ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞമൂല്യത്തിലാണ് ഇന്ത്യൻ രൂപയെങ്കിലും പ്രവാസികൾക്കിത് മെച്ചം ലഭിക്കുന്ന സമയമാണ്. ഒരു യു.എ.ഇ ദിർഹമിന് 22 രൂപ 50 പൈസ എന്ന നിലയിലാണ് റെക്കോഡിട്ടത്. ഇതോടെ, പ്രവാസികൾക്ക് നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയും.
ഡോളറിന് 82 രൂപ 56 പൈസ എന്ന നിലയിലാണ് ഇന്ത്യൻ രൂപയുടെ മൂല്യം. ചരിത്രത്തിൽ ആദ്യമായാണ് 82 രൂപയും വിട്ട് ഡോളറുമായുള്ള വിനിമനിരക്ക് മുന്നോട്ട് പോകുന്നത്. കഴിഞ്ഞദിവസം ഡോളറിന് 81 രൂപ 88 പൈസ എന്ന നിലയിൽ ക്ലോസ് ചെയ്ത മൂല്യമാണ് പൊടുന്നനെ താഴേക്ക് പോയത്. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന വാർത്തകളും ക്രൂഡ് ഓയിൽ ഉൽപാദനം വെട്ടികുറക്കാനുള്ള ഒപെക് തീരുമാനവും രൂപയെ കൂടുതൽ തളർത്താൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.
പ്രവാസികൾക്ക് കൂടുതൽ പണം നാട്ടിലെത്തിക്കാൻ ഇത് സുവർണാവസരമാണെങ്കിലും നാട്ടിൽ പണപ്പെരുപ്പം വർധിക്കുന്നതിനാൽ ദീർഘകാലത്തേക്ക് ഇത് പ്രവാസികൾക്കും ഗുണം ചെയ്യില്ലെന്നാണ് സാമ്പത്തിക വിദഗ്ദർ നൽകുന്ന സൂചന. നാട്ടിൽ വിലക്കയറ്റത്തിനും ഇത് വഴി വെക്കും. റിസർവ് ഇടപെടലുകളും രൂപയുടെ മൂല്യതകർച്ച പിടിച്ചുനിർത്തുന്നതിൽ ഫലം കണ്ടിട്ടില്ല. അടുത്തദിവസങ്ങളിലും ഈ പ്രവണത തുടരാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.