ദുബൈ: ഗാർഹിക തൊഴിലാളികളുടെ ശമ്പളം അക്കൗണ്ട് വഴിയാക്കുന്നത് ഏപ്രിൽ ഒന്നിനകം നടപ്പാക്കണമെന്ന് നിർദേശം. ഗാർഹിക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നടപ്പാക്കുന്ന വേജസ് പ്രൊട്ടക്ഷൻ സിസ്റ്റത്തിന്റെ (ഡബ്ല്യു.പി.എസ്) ഭാഗമായാണ് നടപടി. തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
തൊഴിലാളിയുടെ അക്കൗണ്ടിൽ കൃത്യമായി ശമ്പളം എത്തിയില്ലെങ്കിൽ അധികൃതർക്ക് വിവരം ലഭിക്കും. നിർദേശങ്ങൾ പാലിക്കാത്ത തൊഴിലുടമക്ക് എത്ര തുകയാണ് പിഴയിടുക എന്നത് നിർണയിച്ചിട്ടില്ല. എന്നാൽ, ഒരുമാസം ശമ്പളം മുടങ്ങിയാൽ തൊഴിലുടമക്ക് മുന്നറിയിപ്പ് വരും. ഇതിനുശേഷവും ശമ്പളം നൽകിയില്ലെങ്കിൽ ഇയാളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇതോടെ, കൂടുതൽ ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും.
അതേസമയം, ചില തൊഴിലാളികൾക്ക് അക്കൗണ്ട് വഴി ശമ്പളം ലഭിക്കണമെന്നില്ല. തൊഴിലാളിക്കെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ജോലിക്ക് ഹാജരായില്ലെങ്കിൽ, വിസ സ്പോൺസർ ചെയ്ത തൊഴിലുടമക്കായി ജോലി ചെയ്തില്ലെങ്കിൽ, കരാർ ഒപ്പുവെച്ചശേഷം 30 ദിവസം ജോലി ചെയ്തില്ലെങ്കിൽ ശമ്പളം അക്കൗണ്ട് വഴി ലഭിച്ചേക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.