അബൂദബി: ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ അബൂദബി കേരള സോഷ്യല്‍ സെന്റര്‍ അവതരിപ്പിച്ച ‘ഒരു ധീരസ്വപ്നം’ സംഗീതശില്പം ശ്രദ്ധേയമായി. കവി കരിവെള്ളൂര്‍ മുരളി രചിച്ച ‘തടവറക്കുള്ളില്‍ തുടയെല്ലുപൊട്ടി’ എന്ന് തുടങ്ങുന്ന ‘ഒരു ധീരസ്വപ്നം’ എന്ന കവിതക്ക് സംഗീതാവിഷ്കാരം നല്‍കിയത് നാടക പ്രവര്‍ത്തകരായ കോട്ടക്കല്‍ മുരളിയും ശ്രീജിത്ത് കാഞ്ഞിലശ്ശേരിയുമാണ്. കുട്ടികള്‍ ഉള്‍പ്പെടെ നാൽപതോളം കേരള സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ ഇതിന്റെ ഭാഗമായി.
ഒരു മുത്തശ്ശിയും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ യാത്രയാണിത്. ഗാന്ധിജിയുടെ ഉപ്പുകുറുക്കല്‍ സമരവും, ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയും, ലാഹോര്‍ ഗൂഢാലോചന കേസില്‍ 1931 മാര്‍ച്ച് 23ന് തൂക്കിലേറ്റപ്പെട്ട ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ ധീര രക്തസാക്ഷിത്വവുമൊക്കെ വളരെ മനോഹരമായി പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള സംഗീത ശിൽപത്തില് അവതരിപ്പിക്കപ്പെട്ടു.
നൗഷാദ് ചാവക്കാടിന്റെ സംഗീതത്തില്‍ കോട്ടക്കല്‍ മുരളി, ചിത്ര ശ്രീവത്സന്‍, മെഹറിന് റഷീദ്, പ്രജിന അരുണ്‍, രജിത്ത്, ബാദുഷ, വേണു, മണികണ്ഠന് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. മണികണ്ഠന്, അഞ്ജലി ജസ്റ്റിന് എന്നിവര്‍ പരിശീലകരായി. മനോരഞ്ജന്‍, സുബിനാസ്, ബാദുഷ, അശോകന്, വേണു എന്നിവര്‍ ചേര്‍ന്ന് സാങ്കേതിക വശങ്ങള് കൈകാര്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.