അബൂദബി: ശബ്ദ, അന്തരീക്ഷ മലിനീകരണ പരിധി നിശ്ചയിക്കാന്‍ അബൂദബി. ഇനി മുതല്‍ എല്ലാ സംരംഭങ്ങളും സ്ഥാപനങ്ങളും ശബ്ദ, അന്തരീക്ഷ മലിനീകരണ പരിധി പാലിക്കുന്നതിനായി പരിസ്ഥിതി ലൈസന്‍സ് വാങ്ങണമെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അറിയിച്ചു.
പരിസ്ഥിതി സംരക്ഷണം, അന്തരീക്ഷ മലിനീകരണം കുറക്കല്‍, അനുവദനീയമായ അളവില്‍ ശബ്ദതോത് നിയന്ത്രിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. അബൂദബി പരിസ്ഥിതി ഏജന്‍സി അന്തരീക്ഷ നിലവാരം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും മലിനീകരണ തോത് വിലയിരുത്തുകയും ചെയ്യും. ബന്ധപ്പെട്ട അധികൃതരുടെ സഹകരണത്തോടെ നിരീക്ഷണ പ്രദേശങ്ങള്‍ തിരിച്ചറിയുകയും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അളക്കുകയും ചെയ്യും. അന്തരീക്ഷ നിരീക്ഷണ നിലയങ്ങളുടെ ക്ഷമതയും പ്രകടനവും ഏജന്‍സി വിലയിരുത്തുകയും അന്തരീക്ഷ ഗുണനിലവാര നിരീക്ഷണ ശൃംഖലകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുകയും ചെയ്യും. പൊതു ആരോഗ്യവും പാരിസ്ഥിതിക സംവിധാനവും സംരക്ഷിക്കുന്നതിനായി അന്തരീക്ഷ മലിനീകരണത്തിന്റെ പരമാവധി തോത് നിര്‍ണയിക്കുകയെന്ന ലക്ഷ്യമാണ് അബൂദബി പരിസ്ഥിതി ഏജന്‍സി മുമ്പാകെയുള്ളത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ, ശബ്ദ മലിനീകരണങ്ങളും അധികൃതര്‍ പരിശോധിക്കും. പാരിസ്ഥിതിക ലൈസന്‍സുകള്‍ നേടുന്നതിനായി സ്ഥാപന ഉടമകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
അനുവദനീയമായ അളവില്‍ കവിഞ്ഞ് അന്തരീക്ഷ മലിനീകരണം ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ ഇതിനായി ഉടമക്ക് അബൂദബി പരിസ്ഥിതി ഏജന്‍സിയില്‍നിന്ന് താല്‍ക്കാലിക പെര്‍മിറ്റിന് അപേക്ഷിക്കാവുന്നതാണ്. ശബ്ദ, അന്തരീക്ഷ മലിനീകരണത്തിനെതിരെ ബോധവത്കരണം നടത്തുമെന്നും ഇതിലൂടെ നിയമലംഘനങ്ങള്‍ കുറക്കാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.