അബൂദബി: എമിറേറ്റിൽ സ്വയം നിയന്ത്രിത ടാക്സി കാറുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ഉബർ ടെക്നോളജീസ്. ചൈനീസ് കമ്പനിയായ വിറൈഡുമായി സഹകരിച്ചാണ് സ്വയം നിയന്ത്രിത ടാക്സി കാറുകൾ എത്തിക്കുന്നത്. ഈ വർഷം അവസാനത്തോടെ കാറുകൾ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ.ഉബർ ആപ്ലിക്കേഷൻ ഉപയോഗിച്ച് യാത്രക്കാർക്ക് റോബോ ടാക്സികൾ ബുക്ക് ചെയ്യാം.
എന്നാൽ, എത്ര കാറുകൾ റോബോ ടാക്സികൾ ആയിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. യു.എ.ഇലുടനീളം സ്വയം നിയന്ത്രിത കാറുകൾ പുറത്തിറക്കാൻ 2023ൽ വിറൈഡിന് സർക്കാർ ലൈസൻസ് അനുവദിച്ചിരുന്നു. ദേശീയ തലത്തിൽ റോബോ ടാക്സികൾ നിർമിക്കാൻ ലൈസൻസ് അനുവദിക്കുന്നത് ആഗോള തലത്തിൽ ആദ്യമായാണ്. ലൈസൻസ് ലഭിച്ചതിന് പിറകെ റോബോ ടാക്സികൾ റോഡിലിറക്കുന്നതിന് മുന്നോടിയായി വിറൈഡ് നിരവധി പരീക്ഷണ ഓട്ടങ്ങളും സംഘടിപ്പിച്ചിരുന്നു.
ഇത് വിജയകരമാണെന്ന് കണ്ടെത്തിയ ശേഷമാണ് ഈ വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ സ്വയം നിയന്ത്രിത കാറുകൾ നിരത്തിലെത്തുന്നത്. ആഗോള തലത്തിൽ ടാക്സി സേവനങ്ങൾ നൽകുന്ന ഉബറുമായി ആദ്യമായാണ് ചൈനീസ് കമ്പനിയായ വിറൈഡ് സഹകരിക്കുന്നത്. ഇതു വഴി ചൈനക്ക് പുറത്തേക്ക് സേവനങ്ങൾ വ്യാപിപ്പിക്കാനാണ് വിറൈഡിന്റെ തീരുമാനം. യു.എസിലെ ഓസ്റ്റിൻ, അറ്റ്ലാന്റ എന്നിവിടങ്ങളിൽ റോബോ ടാക്സികൾ ഇറക്കുന്നതിനായി ഉബർ ഈ മാസം ആൽഫബെറ്റിന്റെ വെമോയുമായും കരാറിൽ ഒപ്പുവെച്ചിരുന്നു.
അതേസമയം, ജനറൽ മോട്ടോഴ്സിന്റെ റോബോ ടാക്സി യൂനിറ്റായ ക്രൂസുമായി കഴിഞ്ഞ ആഗസ്റ്റിൽ ദുബൈ കരാറിൽ ഏർപ്പെട്ടിരുന്നു. ഈ വാഹനങ്ങൾ അടുത്ത വർഷം മുതൽ നിരത്തിലെത്തുമെന്നാണ് സൂചന. 2030 ഓടെ 4,000 സ്വയം നിയന്ത്രിത കാറുകൾ നഗരത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഗതാഗത തടസ്സങ്ങൾ ലഘൂകരിക്കുകയും കാർബൺ ബഹിർഗമനം കുറക്കുകയുമാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.